
പലിശ കുറയ്ക്കാതെ വിപണിയിൽ പണലഭ്യത കൂട്ടിയേക്കും
കൊച്ചി: മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ വിപണിയിലെ പണലഭ്യത വർദ്ധിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണമായ കരുതൽ ധന അനുപാതം(സി.ആർ.ആർ) അര ശതമാനം കുറയ്ക്കാനാണ് ആലോചന. ഇതോടെ വ്യവസായ, വാണിജ്യ മേഖലകൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകൾക്ക് കഴിയും. വിലക്കയറ്റ സാദ്ധ്യത നിയന്ത്രിക്കാനും ഇതിലൂടെ കഴിയും.
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 5.4 ശതമാനമായി കുത്തനെ താഴ്ന്നിരുന്നു. ഇതോടെ നടപ്പുസാമ്പത്തിക വർഷം ഏഴ് ശതമാനമെന്ന വളർച്ചാ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് വ്യക്തമായതോടെ പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിൽ സമ്മർദ്ദമേറുകയാണ്. എന്നാൽ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതിനാൽ പലിശ കുറയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഡിസംബർ നാല് മുതൽ ആറ് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിറുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരുതൽ ധന അനുപാതം
മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട തുകയായ കരുതൽ ധന അനുപാതം നിലവിൽ 4.5 ശതമാനമാണ്. ഇതനുസരിച്ച് ബാങ്കുകൾ നൂറ് രൂപ നിക്ഷേപമായി സമാഹരിക്കുമ്പോൾ 4.5 രൂപ റിസർവ് ബാങ്കിൽ കരുതൽ ധനമായി സൂക്ഷിക്കണം. സി.ആർ.ആർ അര ശതമാനം കുറയ്ക്കുന്നതോടെ ബാങ്കുകൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാനായി ഒരു ലക്ഷം കോടി രൂപ അധികമായി ലഭിക്കും.
ബാങ്കുകളുടെ കരുതൽ ധന അനുപാതം അര ശതമാനം കുറച്ചേക്കും
വിപണിയിൽ അധികമായി എത്തുന്നത് ഒരു ലക്ഷം കോടി രൂപ
രൂപ പുതിയ 
റെക്കാഡ് താഴ്ചയിൽ
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തലമായ 84.70 വരെ ഇടിഞ്ഞു. ഇന്ത്യൻ സാമ്പത്തിക മേഖല തളർച്ചയിലേക്ക് നീങ്ങുന്നതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചു. ജൂൺ നാലിന് ശേഷം രൂപയുടെ മൂല്യത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.