b

സിരി എക്കിടെ കുഴഞ്ഞുവീണ ഫിയോറന്റീന താരം ബോവ് സുഖം പ്രാപിക്കുന്നു

ഫ്ലോറൻസ്: ഇറ്റാലിയൻ സിരി എ മത്സരത്തിനിടെ കുഴഞ്ഞുവീണ ഫിയോറന്റീനയുടെ യുവ മിഡ്ഫീൽഡർ എഡോർഡോ ബോവിന്റെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ ഫ്ലോറൻസിലെ കേരേഗ്ഗി ആശുപത്രിയിൽ തീവ്രപരിചരൻ വിഭാഗത്തിൽ ചികിത്സയിലാണ് ഇരുപത്തിരണ്ടുകാരനായ ബോവ്.പ്രാഥമിക പരിശോധനയിൽ താരത്തിന്റെ കേന്ദ്ര നാഡീവ്യൂഹത്തിനും ഹൃദയത്തിനും സ്വാസകോശത്തിനും ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതായി ആശുപത്രിയും ഫിയോറന്റീന ക്ലബും സംയുക്തമായിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കാമുകിയും ക്ലബ് അധികൃതരും ആശുപത്രിയിൽ ഉണ്ട്. നിരവധി ആരാധകരും ആശുപത്രിക്ക് പുറത്ത് തടിച്ച് കൂടിയിരിക്കുകയാണ്.

നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാനും ഫിയോറന്റീനയും തമ്മിലുള്ള മത്സരത്തിന്റെ 16-ാം മിനിട്ടിലാണ് 22കാരനായ ബോവ് കുഴ‌ഞ്ഞുവീണത്. റഫറി വാർ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ബൂട്ടിന്റെ ലെയ്‌സ് കെട്ടിയിട്ട് എഴുന്നേറ്റ് നടക്കാൻ സ്രമിച്ച ബോവ് ഒന്ന് രണ്ടടി നടന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇരുടീമിലേയും താരങ്ങളും ഡോക്‌ർമാരും ഓടിയെത്തി താരത്തിന് പ്രഥമശുശ്രൂൽ നൽകിയ ശേഷം മൈതാനത്തേക്ക് എത്തിച്ച ആംബുലൻസിൽ ബോവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഇരുടീമും ഗോൾ രഹിത സമനിലയിലുമായിരുന്നു.

എ.എസ് റോമയിൽ നിന്ന് ഈ സീസണിന്റെ തുടക്കത്തിലാണ് ബോവ് ലോൺ വ്യവസ്ഥയിൽ ഫിയോറന്റീനയിൽ എത്തിയത്.