x

ലിവർപൂൾ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഗ്ലാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിനേക്കാൾ 9 പോയിന്റ് മുന്നിലാണ് ലിവർ. ആഴ്‌സനലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണുള്ളത്. സിറ്റിക്ക് 23 പോയിന്റാണുള്ളത്. എല്ലാടൂർണമെന്റുകളിലുമായി തുടർച്ചയായി 7 മത്സരങ്ങളിൽ സിറ്രിക്ക് ജയം നേടാനായിട്ടില്ല. ഇതിൽ ആറിലും സിറ്റി തോറ്റു.

ലിവർപൂളിന്റെ തട്ടകമായ ആൻഫിൽഡിൽ നടന്ന മത്സരത്തിൽ കോഡി ഗാ‌ക്‌പോയും പെനാൽറ്റിയിലൂടെ മുഹമ്മദ് സലയുമാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്. 12-ാം മിനിട്ടിൽ സിറ്റി ഗോൾ പോസ്റ്റിന് തൊട്ടുമുന്നിലേക്ക് സല നൽകിയ തകർപ്പൻ പാസ് ഗാക്പോ വലയിലാക്കുകയായിരുന്നു.

77-ാം മിനിറ്റിൽർ ലിവറിന് അനുകൂലമായി പെനാൽറ്റി കിട്ടി. സലയെ സിറ്റി ഗോളി സെറ്റാഫൻ ഒർട്ടേഗ വീഴ്‌ത്തിയതിനായിരുന്നു ലിവർപൂളിന് പെനാൽൽറ്റി ലഭിച്ചത്. പെനാൽറ്റിയെടുത്ത സലയ്ക്ക് പിഴച്ചില്ല. ലിവർ 2-0ത്തിന് മുന്നിലെത്തി.

83ാം മിനിറ്റിൽ വാൻഡിക്കിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്തുമായി ബോക്സിലേക്ക് ഓടിയെത്തിയ ഡിബ്രൂയിനെയുടെ ശ്രമം അഡ്വാൻസ് ചെയ്ത് മുന്നിലേക്കെത്തി ലിവറിന്റെ കെല്ലെഹർ നിർവീര്യമാക്കി. ബാൾ പൊസഷനിലും പാസിംഗിലും സിറ്റിയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ലിവർപൂളായിരുന്നു ഏറെ മുന്നിൽ.

9- പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് നിലവിൽ 9 പോയിന്റിന്റെ ലീഡുണ്ട്.

4- തുടർച്ചയായ നാലാം പ്രിമിയർ ലീഗ് മത്സരമാണ് മാഞ്ചസ്റ്റർ സിറ്റി തോൽക്കുന്നത്. 2008ന് ആഗസ്റ്റിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. പെപ് ഗാർഡിയോള സിറ്റിയുടെ കോച്ചായ ശേഷം ആദ്യവും.