
ഒരു വീട് നിര്‍മ്മിക്കാനുള്ള ചെലവ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. എത്ര തുകയാണോ എസ്റ്റിമേറ്റ് ഇടുന്നത് അതില്‍ കൂടുതലാണ് ഫൈനല്‍ സെറ്റില്‍മെന്റായി വരിക. വീടിന്റെ നിര്‍മാണം തുടങ്ങുമ്പോള്‍ ഉള്ള വിലയല്ല പല സാധനങ്ങള്‍ക്കും എന്നത് തന്നെയാണ് ഇതിനുള്ള കാരണവും. എന്നാല്‍ ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് നമ്മുടെ നാട്ടിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്ന പുതിയ രീതി. വീട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും ഈ പുതിയ രീതി സ്വീകരിക്കുന്നതിലൂടെ മാറിക്കിട്ടും.
നമ്മുടെ സങ്കല്‍പ്പത്തിനും സൗകര്യത്തിനും അനുസരിച്ച് വീടുകളുടെ നിര്‍മാണം നടത്തി അവ വിവിധ പാര്‍ട്‌സ് ആയി സൈറ്റുകളില്‍ എത്തിച്ച ശേഷം ഘടിപ്പിക്കുന്നതാണ് രീതി. റെഡിമേയ്ഡ് വീടുകള്‍ എന്ന് പറയുന്നതാകും കുറച്ചുകൂടി എളുപ്പം. പ്രീകാസ്റ്റ് ടെക്‌നോളജി എന്നാണ് ഇത്തരം ഭവന നിര്‍മാണ രീതികളെ വിശേഷിപ്പിക്കുന്നത്. ന്യൂസിലാന്‍ഡുകാരനായ ബില്‍ഡര്‍ ഗവിന്‍ മൂര്‍ ആണ് ഈ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളോറിങ്ങും ജനലുകളും കിച്ചന്‍ ക്യാബിനുകളും ഉള്‍പ്പെടെ ഫാക്ടറിയില്‍ അസംബിള്‍ ചെയ്തതിനു ശേഷമാണ് വീടുകളെ സൈറ്റിലേക്ക് മാറ്റുന്നത്.
പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകള്‍ ഡിസൈന്‍ ചെയ്‌തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകള്‍ നാലു വശത്തുമായി സ്ഥാപിച്ച അയണ്‍ പില്ലറുകളില്‍ ഘടിപ്പിക്കുന്നു. ഈ അയണ്‍ പില്ലറുകളാണ് കെട്ടിടത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്നത്. ലോക്കിംഗ് സിസ്റ്റത്തിലൂടെ വീടിനെ മുഴുവനായി ചേര്‍ത്ത് നിര്‍ത്താനും കഴിയുമെന്നതിനാല്‍ ഭൂകമ്പം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കെട്ടിടങ്ങളെ സംരിക്ഷിക്കാന്‍ കഴിയും. സാധാരണ രീതിയില്‍ നിര്‍മ്മിക്കുന്ന വീടുകളേക്കാള്‍ ബലവും ഗുണവും ലഭിക്കുമെന്നാണ് മൂറിന്റെ അവകാശവാദം.
പരിസ്ഥിതി സൗഹൃദമാണെന്നതും തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയിലും വരെ പണം ലാഭിക്കാം എന്നതാണ് മറ്റൊരു സവിശേഷത. അതേസമയം വിവിധ ഭാഗങ്ങളായി എത്തിക്കുന്ന ഇത്തരം വീടുകള്‍ ട്രക്കുകളിലായിരിക്കും ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുക. വലിയ ലോറികള്‍ പ്രവേശിക്കുന്ന സൈറ്റുകളല്ലെങ്കില്‍ ഇവ എത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നതാണ് ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത്.