
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗവർണർ- സർക്കാർ പോരിന് അയവ്. നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സി.വി ആനന്ദ ബോസ് പങ്കെടുത്തു. മുഖ്യമന്ത്രി മമത ബാനർജി,സ്പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആനന്ദ ബോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയിലെത്തിയ ഗവർണറെ മമത നേരിട്ടെത്തിയാണ് സ്വീകരിച്ചത്. കൂടാതെ ചടങ്ങിന് ശേഷം യാത്രയയപ്പും നൽകി. കഴിഞ്ഞ ദിവസം കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമതയുമായി മമതയും ആനന്ദവും കലർന്ന ബന്ധമാണെന്നും. താത്കാലികമായ കാർമേഘങ്ങളുണ്ടായത് രാഷ്ട്രീയമായാണെന്നും. ഇനി പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുമെന്നും ആനന്ദബോസ് പറഞ്ഞിരുന്നു.
ഇന്നലെ 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് ടി.എം.സി വിട്ടു നിന്നിരുന്നു. 'ഇന്ത്യ' സഖ്യവുമായി ടി.എം.സിയ്ക്ക്ഭിന്നത രൂപപ്പെടുന്നതിനിടെയാണ് ഈ മഞ്ഞുരുക്കമെന്നതും ശ്രദ്ധേയമാണ്. നവംബർ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവരാണ് എം.എൽ.എമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.