
സൂററ്റ്: ബിജെപിയുടെ ഗുജറാത്തിലെ വനിതാ നേതാവ് ദീപിക പട്ടേല്‍ (34) ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്. ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള മഹിളാ മോര്‍ച്ച നേതാവാണ്. സുഹൃത്ത് ചിരാഗിനെ നേരത്തെ ഇവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഫോളോ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആത്മഹത്യ കുറിപ്പ് പോലുള്ള ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ദീപിക ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അന്വേഷണം ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു. സുഹൃത്തായ ചിരാഗ് സോളങ്കി വ്യവസായിയാണ്. ഇയാളുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നും അന്വേഷിക്കും. താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുകയാണെന്നും ജീവിക്കാന്‍ താത്പര്യമില്ലെന്നും ദീപിക മുമ്പ് ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ കൈവശമുള്ളതെന്നും ഫോണ്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് പൊലീസ് സംഘം.
ചിരാഗ് സോളങ്കിയും കുടുംബവും ദീപികയുടെ വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്നുവെങ്കിലും മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടനെ തന്നെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചിരാഗിനും അയാളുടെ ബന്ധുക്കള്‍ക്കുമൊപ്പം ദീപികയുടെ ബന്ധുക്കളും ആശുപത്രിയിലേക്ക് പോയിരുന്നു. മൂന്ന് മക്കളേയും മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് ദീപിക മുറിയടച്ച് ആത്മഹത്യ ചെയ്തത്. ചിരാഗ് സോളങ്കി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ദീപികയുടെ മുറിയില്‍ പ്രവേശിച്ചത്.