
മുംബയ്: ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് താരജോഡികളായ അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായ് എന്നിവരുടെ വിവാഹമോചന വാര്‍ത്ത. എന്നാല്‍ നാളിതുവരെ ഈ വിഷയത്തില്‍ അഭിഷേകോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ അഭിഷേകിന്റെ പിതാവും ഇന്ത്യന്‍ സിനിമാ രംഗത്തെ ഇതിഹാസവുമായ ബിഗ് ബി അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം മുമ്പ് പ്രതികരണം നടത്തിയത്.
ഇപ്പോഴിതാ തന്റെ എക്‌സ് അക്കൗണ്ടിലൂടെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ചുപ് (silence) എന്നാണ് അദ്ദേഹം ഹിന്ദിയില്‍ കുറിച്ചത്.
ദേഷ്യത്തോടെയുള്ള ഒരു ഇമോജിയും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിമിഷനേരത്തിനുള്ളില്‍ തന്നെ ട്വീറ്റ് വൈറലാകുകയും ചെയ്തു. മാദ്ധ്യമങ്ങളിലും ഗോസിപ്പുകളിലും ഐശ്വര്യ - അഭിഷേക് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനോട് പ്രതികരിച്ചാണ് അദ്ദേഹം രംഗത്തെത്തിയതെന്നാണ് വ്യാഖ്യാനം.
നേരത്തെ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ അമിതാഭ് ബച്ചന്‍ വിശദമായി പ്രതികരിച്ചിരുന്നു. കുടുംബത്തെക്കുറിച്ച് ഞാന്‍ കുറച്ചേ പറയാറുള്ളൂ. കാരണം അതാണ് എന്റെ ഇടം. അതിന്റെ സ്വകാര്യത ഞാന്‍ കാത്തുസൂക്ഷിക്കാറുണ്ട്. പ്രചരണങ്ങള്‍ പ്രചരണങ്ങള്‍ മാത്രമാണ്. വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്, സത്യമാണോ എന്ന് പരിശോധിക്കുകപോലും ചെയ്യാതെ.
ഒന്നുകില്‍ അസത്യങ്ങള്‍ കൊണ്ട് ഈ ലോകം നിറയ്ക്കുക. അതല്ലെങ്കില്‍ അസത്യങ്ങളെ ചോദ്യം ചെയ്യുക. നിങ്ങളുടെ ജോലി കഴിഞ്ഞു. ആരെക്കുറിച്ചാണോ അതൊക്കെ പറയപ്പെട്ടത് അവരെ ഇത് എങ്ങനെയാവും ബാധിക്കുക? പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് വെറുതെ കൈ കഴുകി പോകാനാകുമോ, മനസാക്ഷിയെന്ന ഒന്ന് നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.