solar

തിരുവനന്തപുരം: നഗരത്തെ സൗരോര്‍ജ്ജ നഗരിയാക്കി മാറ്റുന്ന 'സോളാര്‍ സിറ്റി' പദ്ധതി ഉടന്‍ പൂര്‍ത്തിയാകും. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ പ്രോജക്ട് ഒരുമാസത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ അനെര്‍ട്ട് നല്‍കുന്ന സൂചന.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും തറനിരപ്പിലും സ്ഥാപിക്കുന്ന സൗരോര്‍ജ്ജ നിലയങ്ങള്‍, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന നിലയങ്ങള്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവുവിളക്കുകള്‍, ഹരിതോര്‍ജ്ജ ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അക്ഷയ ഊര്‍ജ്ജ മാര്‍ഗങ്ങളിലൂടെ നഗരത്തെ 'സൗരോര്‍ജ്ജ നഗരി' (സോളാര്‍ സിറ്റി) ആക്കുകയാണ് ലക്ഷ്യം.

പ്ലാന്റുകള്‍ മുഴുവന്‍ കമ്മിഷന്‍ ചെയ്താല്‍ വര്‍ഷം ശരാശരി 2.5 കോടി യൂണിറ്ര് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. സ്മാര്‍ട്ട് സിറ്റിയുടെ സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് ഏറ്രെടുത്ത 514 സൈറ്റുകളില്‍ (കെട്ടിടങ്ങള്‍) 470 ഇടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ കെ.എസ്.ഇ.ബിയുടെയും ഇന്‍സ്‌പെക്ടറേറ്റിന്റെയും അനുമതി പത്രങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വൈകാതെ പൂര്‍ത്തിയാവും.

18.045 മെഗാവാട്ടാണ് ഇതിന്റെ ശേഷി. നിലവില്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളില്‍ നിന്നുള്ള 12.024 മെഗാവാട്ട് പീക്ക് വൈദ്യുതി ഗ്രിഡ്ഡിലേക്ക് ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. കേരള ഇന്‍സ്‌പെക്ടറേറ്റ് അതോറിട്ടിയുടെ അനുമതി ലഭിച്ചാലുടന്‍ വൈദ്യുതി ഗ്രിഡ്ഡിലേക്ക് കണക്ട് ചെയ്യും. നഗരപരിധിക്കുള്ളില്‍13 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി ആരംഭിക്കുന്നുണ്ട്.


പദ്ധതിച്ചെലവ്- 125.54 കോടി


ഏറ്റവും കൂടുതല്‍ വൈദ്യുതി

ഉത്പാദനശേഷിയുള്ള കേന്ദ്രങ്ങള്‍

ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്- 2 മെഗാവാട്ട്

മെഡിക്കല്‍ കോളേജ് കാമ്പസ്- 1.3 മെഗാവാട്ട്

ബ്രഹ്‌മോസ്, പേരൂര്‍ക്കട, ഊളന്‍പാറ എച്ച്.എല്‍.എല്‍, കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ്, ബാര്‍ട്ടണ്‍ഹില്‍ കോളേജ് ഒഫ് എന്‍ജിനീയറിംഗ്- ഒരു മെഗാവാട്ട് വീതം


കാലാവസ്ഥയ്ക്ക് അനുസരിച്ച് കുറയും

7 കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും തമ്പാനൂര്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിലുമായി 800 കിലോവാട്ട് വൈദ്യുതി ശേഖരണ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള നിയമസഭയില്‍ 250 കിലോവാട്ട്, ടാഗോര്‍ തിയേറ്രര്‍- 235 കി. വാട്ട്, യൂണിവേഴ്‌സിറ്രി സെനറ്ര് കാമ്പസ്- 220 കിലോ വാട്ട് എന്നിങ്ങനെ വൈദ്യുതി ശേഖരണ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ മഴയും പ്രതികൂല കാലാവസ്ഥകളിലും സ്വാഭാവികമായി ഏറ്റക്കുറച്ചിലുകളുണ്ടായി ഉത്പാദനശേഷിയില്‍ കുറവ് രേഖപ്പെടുത്തിയേക്കാം.