chinmoy-krishna-das

ധാക്ക: അറസ്റ്റിലായ ഹിന്ദു സന്യാസി ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിക്കുവേണ്ടി കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകൻ രമൺ റോയി ഗുരുതരാവസ്ഥയിൽ. ചിന്മയ് കൃഷ്‌ണ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് മെട്രോപൊളിറ്റൻ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് സംഭവം. ബംഗ്ലാദേശിലെ മതമൗലികവാദികൾ അഭിഭാഷകന്റെ വീട്ടിൽ കയറി അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഭിഭാഷകൻ ജീവനുവേണ്ടി പോരാടുകയാണെന്ന് ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്‌ണ കോൺഷ്യസ്‌നസ്) ഇന്ത്യ പ്രതികരിച്ചു. ഇസ്‌കോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രാധാരമൺ ദാസ് അഭിഭാഷകന്റെ ചിത്രം എക്‌സിലൂടെ പുറത്തുവിട്ടിരുന്നു. 'ദയവായി എല്ലാവരും അഭിഭാഷകൻ രമൺ റോയിക്ക് വേണ്ടി പ്രാർത്ഥിക്കൂ. ചിൻമോയ് കൃഷ്‌ണ ദാസിനായി കോടതിയിൽ വാദിക്കാൻ തയ്യാറായി എന്നൊരു തെറ്റ് മാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു. ബംഗ്ലാദേശിലെ മതമൗലികവാദികൾ രമൺ റോയിയുടെ വീട് കൊള്ളയടിക്കുകയും അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും ചെയ്‌തു ' - രാധാരമൺ ദാസ് കുറിച്ചു. രമൺ റോയി മാത്രമല്ല, ചിന്മയ് കൃഷ്ണ ദാസിനായി ഹാജരാകേണ്ട പ്രധാന അഭിഭാഷകരെല്ലാം ആക്രമണത്തിനിരയായി.

അതേസമയം, ഇന്ത്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ബംഗ്ലാദേശ് ഹിന്ദു വിരുദ്ധ നടപടി തുടരുകയാണ്. ഇന്ത്യയിലേക്ക് പുറപ്പെട്ട 63 ഇസ്‌കോൺ സന്യാസിമാരെ ബംഗ്ലദേശ് അധികൃതർ നേരത്തേ തടഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി. പാസ്‌പോർട്ട്, വിസ തുടങ്ങിയ യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലാദേശ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. സന്യാസിമാർ എല്ലാവരും ബംഗ്ലാദേശ് പൗരന്മാരാണ്.

ബംഗ്ലാദേശ് അതിർത്തിയായ ബെനാപോൾ ലാൻഡ് പോർട്ടിൽ സന്യാസിമാർ മണിക്കൂറുകളോളം കാത്തിരുന്നിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികൾ നിർദ്ദേശിച്ചെന്ന് ഇമിഗ്രേഷൻ പൊലീസ് പറയുന്നു. ഇസ്കോൺ സന്യാസിമാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഈ സംഭവം.