sindhu

ബാഡ്മിന്റൺ താരം പി.വി സിന്ധുവിന്റെ വിവാഹം 22ന്, വരൻ ഐ.ടി കമ്പനി മേധാവി വെങ്കടദത്ത സായി

ഹൈദരാബാദ് : ബാഡ്മിന്റൺ കോർട്ടുകളിൽ ഇന്ത്യയുടെ ഇടിമുഴക്കമായി മാറിയ, രണ്ട് ഒളിമ്പിക് മെഡലുകൾക്കുടമയായ പി.വി. സിന്ധു വിവാഹിതയാകുന്നു. കുടുംബസുഹൃത്തും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഒരു മാസം മുമ്പാണ് വിവാഹനിശ്ചയം നടന്നത്. ഡിസംബർ 22-ന് രാജസ്ഥാനിനെ ഉദയ്‌പുരിലായിരിക്കും വിവാഹം. 20-ാം തീയതി ചടങ്ങുകൾ ആരംഭിക്കും. 24-ന് ഹൈദരാബാദിൽ വിവാഹ സത്കാരം നടക്കും.

29-കാരിയായ സിന്ധു 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും നേടിയിരുന്നു. ലോകചാമ്പ്യൻഷിപ്പുകളിൽ ഒരു സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള സിന്ധു കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. കഴിഞ്ഞദിവസം സെയ്ദ് മോദി ടൂർണമെന്റിലെ വനിതാ കിരീടം നേടി ഫോം വീണ്ടെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ജനുവരിയിൽ മത്സരവേദിയിലേക്ക് എത്താനാണ് സിന്ധുവിന്റെ തീരുമാനം.

മുൻ ദേശീയ വോളിബാൾ താരങ്ങളായ പി.വി രമണയുടേയും പി.വിജയയുടേയും മകളാണ് സിന്ധു.

വെങ്കടദത്ത സായി

പ്രമുഖ ഐ.ടി കമ്പനി പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ.

ഫ്ളെയിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റ് ബിരുദം.

ജെ.എസ്.ഡബ്ളിയു കമ്പനിയിൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ അവരുടെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

സായിയുടേയും സിന്ധുവിന്റേയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളുടെ പരിചയം.

ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു.