prithviraj

പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഡിസംബർ 15ന് ശേഷം മറയൂരിൽ പുനരാരംഭിക്കും.

മുപ്പത് ദിവസത്തെ ചിത്രീകരണത്തോടെ വിലായത്ത് ബുദ്ധ പൂർത്തിയാകും. എമ്പുരാൻ പൂർത്തിയാക്കിയ പൃഥ്വിരാജ് മുംബയിൽ സ്വകാര്യ ആവശ്യത്തിന് അടുത്തദിവസം പോകും. മടങ്ങിയെത്തിയ ശേഷം വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിലേക്ക് കടക്കും.

വിലായത്ത് ബുദ്ധയുടെ സംഘട്ടനരംഗത്തെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് പൃഥ്വിരാജിന്റെ കാലിലെ ലിഗമെന്റിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞവർഷം ജൂണിലായിരുന്നു അപകടം. തുടർന്ന് നിറുത്തിവച്ച ചിത്രീകരണമാണ് 17 മാസത്തിനുശേഷം പുനരാരംഭിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസഫറിന്റെ സഹ സംവിധായകനായിരുന്നു ജയൻ നമ്പ്യാർ, ജി.ആർ. ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽതന്നെയാണ് സിനിമയാക്കുന്നത്. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണനാണ് നായിക. കോട്ടയം രമേഷ്, ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീനായർ, ടി.കെ. അരുണാചലം എന്നിവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം. മറയൂരിലെ ചന്ദനമരക്കാടിന്റെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും പ്രണയവും നിറഞ്ഞ ചലച്ചിത്ര കാവ്യമായ വിലായത്ത് ബുദ്ധ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.