bindu

തൃശ്ശൂർ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാർഡ് വിതരണവും മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. എന്ന കാഴ്ചപ്പാട് വിനിമയം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ വി.കെ.എൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണംത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാർഡ് വിതരണ ചടങ്ങായ ഉണർവ്വ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കായി തടസ്സരഹിത കേരളം അഥവാ ബാരിയർ ഫ്രീ കേരള എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. സമൂഹത്തിന്റെ പൊതുബോധം ഉയർത്തി തടസ്സരഹിതമായ ജീവിതം ആത്മവിസ്വാസത്തോടുകൂടി നയിക്കാൻ നമ്മുടെ ഭിന്നശേഷി മക്കൾക്ക് ഉറപ്പുകൊടുക്കാനായി നമ്മളെല്ലാവരും ഒരുമിച്ചുനിൽക്കണം. ഇത് കുടുംബത്തിന്റേയോ വ്യക്തിയുടേയോ മാത്രം ഉത്തരവാദിത്തമല്ല സമൂഹത്തിന്റെയുംകൂടി ഉത്തരവാദിത്വമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

യുഎൻസിആർപിഡി നിർദ്ദേശിച്ചതുപ്രകാരമുള്ള അവകാശാധിഷ്ഠിത സമീപനത്തോടെ 2016 ൽ ആവിഷ്‌ക്കരിക്കപ്പെട്ട ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ അനുശാസനങ്ങൾ ഒന്നൊന്നായി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട് 3 ശതമാനം സംവരണം എന്നുള്ളത് 4 ശതമാനമാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 1400 ൽപ്പരം തസ്തികകൾ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി പ്രഖ്യാപിച്ച് നോട്ടിഫൈ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 5 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് കേരളത്തിൽ സാക്ഷാത്ക്കരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിത്വം വളരെ നേരത്തെതന്നെ കണ്ടെത്താൻ കഴിയുന്നവിധത്തിൽ പ്രാരംഭ ഇടപെടലിനു സഹായകമായ ഏർളി ഡിറ്റക്ഷൻ ആൻഡ് ഏർളി ഇന്റർവെൻഷൻ ഫലപ്രദമായ രീതിയിൽ ഏറ്റെടുക്കാൻ കഴിയുന്ന പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ സജ്ജീവമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്ത് ഭിന്നശേഷിയുമായി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ജനിക്കരുത് എന്ന നിഷ്‌ക്കർഷയുടെ ഭാഗമായിക്കൂടിയാണ് അമ്മയുടെ വയറ്റിൽ ഭ്രൂണാവസ്ഥയിലിരിക്കുമ്പോൾതന്നെ ഭിന്നശേഷിത്വം തിരിച്ചറിഞ്ഞ് വ്യതിയാനങ്ങൾ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇടപെടലുകൾ നടത്തുന്നതെന്നും മോഡേൺ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകളും മോഡേൺ അങ്കണവാടികളുമെല്ലാം വിപുലീകരിച്ചുകൊണ്ട് നന്നേ ചെറുതായിരിക്കുമ്പോൾതന്നെ വ്യതിയാനങ്ങൾ മനസ്സിലാക്കാനുള്ള സംവിധാനം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബഡ്സ്‌കൂളുകളും ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളും അഭിനന്ദനീയമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കൂടുതൽ ബഡ്സ് സ്‌കൂളുകളും ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ഉണ്ടാക്കുക എന്നുള്ളത് സർക്കാരും സമൂഹവും കൈകോർത്തുപിടിച്ച് ഏറ്റെടുക്കുന്ന പ്രവർത്തനമാണ്. അത് ഇനിയും സജീവമായി മുന്നോട്ട്‌കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി അവകാശം നിയമം അനശാസിക്കുന്നതുപോലെ ഭിന്നശേഷിക്കാർക്കായി ഒരു പ്രത്യേക അതോറിട്ടി രൂപീകരിക്കുന്നതിനും ഭിന്നശേഷി സ്‌പെഷ്യൽ ഫണ്ട് രൂപീകരിക്കുന്നതിനുമുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.