
ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലും ഗുകേഷിന് സമനില
ഗുകേഷ് സമനില സമ്മതിച്ചത് വിജയത്തിന് അരികിലെത്തിയ ശേഷം
ഏഴ് റൗണ്ടുകൾ പിന്നിടുമ്പോൾ ഗുകേഷിനും ഡിറെനും 3.5 പോയിന്റ് വീതം
ഇനി ബാക്കിയുള്ളത് ഏഴു റൗണ്ടുകൾ
72 നീക്കങ്ങളാണ് മത്സരത്തിലുണ്ടായത്.
ഈ ചാമ്പ്യൻഷിപ്പിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം
വേൾഡ് സെന്റോസ : കയ്യിൽ കിട്ടുമായിരുന്ന ജയം കളഞ്ഞുകുളിച്ച ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷിന് ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറെനുമായുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലും സമനില. ഈ ചാമ്പ്യൻഷിപ്പിലെ അഞ്ചാം സമനിലയാണിത്. ഇതോടെ ഇരുവർക്കും 3.5 പോയിന്റ് വീതമായി. ഏഴ് റൗണ്ടുകളാണ് ഇനി ശേഷിക്കുന്നത്.
ഇന്നലെ വെള്ളക്കരുക്കളുമായി നിയോ ഗ്രെൻഫെൽഡ് ഓപ്പണിംഗിനെ അവലംബിച്ച ഗുകേഷിന് പലഘട്ടത്തിലും വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ കരുനീക്കത്തിന് സമയം കൂടുതലെടുത്ത ലിറെൻ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഗുകേഷിനെ സമയസമ്മർദത്തിലാക്കി. ഇതുവരെയുള്ള റൗണ്ടുകളിൽ ഏറ്റവും നീണ്ട മത്സരമായിരുന്നു ഇത്. അഞ്ചുമണിക്കൂറിലേറെ സമയമെടുത്ത ഏഴാം റൗണ്ടിൽ 72 നീക്കങ്ങൾ വീതമാണ് ഇരുവരും നടത്തിയത്.
ഇന്നലെ വിജയിച്ചിരുന്നെങ്കിൽ ഗുകേഷ് കിരീടത്തിന് അരികിലെത്തുമായിരുന്നു. ഇനി ശേഷിക്കുന്ന ഏഴുറൗണ്ടുകളിൽ നാലുപോയിന്റ് നേടിയാലേ കിരീടം നേടാനാകൂ. ഇന്ന് എട്ടാം റൗണ്ടിൽ കറുത്തകരുക്കളുമായാണ് ഗുകേഷ് കളിക്കുന്നത്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുന്നത്.
ഡിംഗിന്റെ കുതിരയും ഗുകേഷിന്റെ ആനയും
പ്രബോധ് ചങ്ങനാശേരി
ദേ ജയിച്ചു എന്ന് കരുതിയിടത്തുനിന്ന് സമനിലയിലേക്ക് വഴുതിവീണ ഗുകേഷ് ഇന്ത്യൻ ആരാധകരെ ഇന്നലെ നിരാശപ്പെടുത്തിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !.ആദ്യ നീക്കത്തിൽ കുതിരയെ(നൈറ്റ്) ചാടിച്ച് തുടങ്ങിയ ഗുകേഷ് പിന്നെ ആനയെ (ബിഷപ്പ്) കൂടുതൽ കേന്ദ്രീകരിച്ച് കളിച്ചതും ഡിംഗ് ലിറെൻ തന്റെ പ്രധാന കരുവായി കുതിരയെ ഉപയോഗിച്ചതുമാണ് കണ്ടത്. കളിയുടെ സവിശേഷതയായി ചൂണ്ടിക്കാട്ടാവുന്നത് ഡിംഗിന്റെ കിംഗ് മുന്നോട്ടുവന്നതാണ്.
ഇന്നലെ ഗുകേഷും ലിറെനും നിരവധി പിഴവുകൾ വരുത്തിയിരുന്നു. ഒരു പാസ്ഡ് പോൺ മുന്നോട്ടുതള്ളി ക്വീൻ ആക്കി മാറ്റാനുള്ള അവസരം കളഞ്ഞതാണ് ഗുകേഷിന് പറ്റിയ വലിയ പിഴവ്. അതുമാത്രമല്ല ലിറെൻ അതിവിദഗ്ധമായി തന്റെ ക്വീനിനെ എക്സചേഞ്ച് ചെയ്തതും ഗുകേഷിന് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ ലിറെന്റെ ക്വീൻ ട്രാപ്പിലായിരുന്നു. അതിൽ നിന്ന് അദ്ദേഹം വിദഗ്ധമായി രക്ഷപെട്ട് ഗുകേഷിന്റെ ക്വീനുമായി എക്സ്ചേഞ്ച് ചെയ്തു.
ഡിംഗ് ലിറെനെപ്പോലെ പരിചയസമ്പന്നനായ കളിക്കാരനെ നേരിടുമ്പോൾ ഓരോ നിമിഷവും ശ്രദ്ധിച്ചിരുന്നേ മതിയാകൂ എന്നാണ് ഈ സമനില ഗുകേഷിനെ ഓർമ്മിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പ് പാതി പിന്നിട്ടുകഴിഞ്ഞു. ഇനി ഒരുപക്ഷേ ജയിക്കാൻ ഇത്രയും തുറന്ന അവസരങ്ങൾ മുന്നിൽ തുറന്നുവരണമെന്നില്ല.