
കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ സീസണിലെ ആദ്യ ഹോം മാച്ചിനായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലിറങ്ങിയ ഗോകുലം കേരള എഫ്.സി 1 - 1 ന് ഐസ്വാൾ എഫ്.സിയോട് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയുടെ 13-ാം മിനിട്ടിൽ ഐസ്വാൾ മിഡ്ഫീൽഡർ ഹൃയാതായും ആദ്യ പകുതിയുടെ 1ഇൻജുറി ടൈമിൽ ഗോകുലത്തിന്റെ മിഡ്ഫീൽഡർ റിഷാദും നേടിയ ഗോളുകളാണ് സമനിലച്ചങ്ങല തീർത്തത്.
ബിയാക് ഡിക എടുത്ത കോർണർ കിക്കിന് തലവെച്ച് ഗോളാക്കിയ ഫോർവേഡ് ഹൃയാതായ ഐസ്വാളിന് 1-0 ത്തിന്റെ ലീഡ് നൽകി. ആറാം മിനിട്ടിൽ ഗോകുലം ഫോർവേഡ് വി സുഹൈർ വലതു വിംഗിലൂടെ മുന്നേറി ഷോട്ടുതിർത്തെങ്കിലും ഐസ്വാൾ ഗോൾകീപ്പർ ഹൃയാത്പുയ തടഞ്ഞിട്ടു. ഇരു ടീമുകളും തുടക്കം മുതലേ അറ്റാക്കിംഗ് ഗെയിമാണ് പുറത്തെടുത്തത്. 17-ാം മിനിട്ടിൽ സുഹൈറിന് മറ്റൊരവസരം കൂടി ലഭിച്ചെങ്കിലും വീണ്ടും ഗോളിയുടെ സേവിലൂടെ ലക്ഷ്യം തെറ്റി. 20-ാം മിനിട്ടിൽ ഹൃയാത്പുയക്ക് കൂട്ടിയിടിയിൽ പരിക്കേറ്റതോടെ ഐസ്വാൾ ഗോളിയായി രാംചന ഇറങ്ങി. 25-ാം മിനിട്ടിൽ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും ഐസ്വാളിന്റെ പ്രതിരോധത്തിലൂടെ കോർണർകിക്കിലേക്ക് മാറി. ഗോകുലത്തിന്റെ ഉറുഗ്വായ് താരം ചാവേസ് എടുത്ത കോർണർ കിക്കും ലക്ഷ്യം കണ്ടില്ല. 46-ാം മിനിട്ടിൽ ഗോകുലത്തിന്റെ മിഡ്ഫീൽഡർ റിഷാദ് ബോക്സിനു മുന്നിൽ നിന്ന് തൊടുത്ത ഷോട്ട് ഗോളി രാംചനക്ക് പിടി കൊടുക്കാതെ വലയിൽ കയറുകയായിരുന്നു.
ഈ സമനിലയോടെ മൂന്ന് കളികളിൽ നിന്ന് അഞ്ചുപോയിന്റുമായി ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണ്. ഐസ്വാൾ ഇത്രതന്നെ പോയിന്റോടെ മൂന്നാമതും.മൂന്ന് കളികളിൽ നിന്ന് ഏഴുപോയിന്റുള്ള ഡെംപോ ഒന്നാമതും രണ്ട് കളികളിൽ ആറുപോയിന്റുള്ള ഇന്റർ കാശി രണ്ടാമതുമുണ്ട്.ശനിയാഴ്ച ഇതേവേദിയിൽ ചർച്ചിൽ ബ്രദേഴ്സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.