
ബുലവായോ: ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തകർന്നടിഞ്ഞ് സിംബാബ്‌വെ ക്രിക്കറ്റ്. ബുലവായോയിൽ ക്വീൻസ് സ്‌പോർട്‌സ് ക്ളബിൽ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിലാണ് പാകിസ്ഥാനെതിരെ സിംബാബ്‌വെ നിശ്ശേഷം തകർന്നത്.
ഇടംകൈ സ്‌പിന്നറായ യുവതാരം സൂഫിയാൻ മുകീം ആണ് സിംബാബ്‌വെ ബാറ്റിംഗ് നിരയെ നിശേഷം തകർത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ12.4 ഓവറിൽ കേവലം 57 റൺസിന് ഓൾഔട്ടായി.ഓപ്പണർമാരായ ബ്രയാൻ ബന്നറ്റ് (21), മറുമാണി(16) എന്നിവർക്കൊഴികെ ആർക്കും രണ്ടക്കം നേടാനായില്ല.
2.4 ഓവറിൽ വെറും മൂന്ന് റൺസ് വഴങ്ങി സൂഫിയാൻ മുകീം അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. അബ്ബാസ് അഫ്രീദി രണ്ട് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ആറ് ഓവർ തികയും മുൻപ് ലക്ഷ്യം നേടി. സയിം അയൂബ് (പുറത്താകാതെ 36), ഒമൈർ യൂസഫ് (പുറത്താകാതെ 22) എന്നിവരാണ് ടീമിനെ ജയത്തിലെത്തിച്ചത്. ഇതോടെ മൂന്ന് മത്സരമുള്ള ട്വന്റി 20 പരമ്പര പാകിസ്ഥാൻ 2-0ന് നേടിക്കഴിഞ്ഞു. വ്യാഴാഴ്‌ച ക്വീൻസ് പാർക്കിൽ തന്നെയാണ് മൂന്നാം ട്വന്റി 20യും നടക്കുക.