whatsapp

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് എന്തിനും ഏതിനും വാട്‌സാപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വാട്‌സാപ്പിനെ കുറിച്ച് പലര്‍ക്കും അറിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ലോകത്ത് രണ്ട് ബില്യണ്‍ ആളുകളെങ്കിലും വാട്‌സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് ഔദ്യോഗികമായി 2024 ജനുവരിയില്‍ പുറത്തുവന്ന കണക്ക്.

വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്താണെന്ന് വെച്ചാല്‍ ചില വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നതാണ് കാര്യം. ചിലപ്പോള്‍ നിയമനടപടിക്ക് പോലും അശ്രദ്ധ നിങ്ങളെ വിധേയരാക്കിയേക്കാം. അക്കൗണ്ട് നിരോധിക്കാന്‍ പോലും കാരണമാകുന്നതാണ് പല പ്രയോഗങ്ങളും. നിയമവിരുദ്ധമോ അശ്ലീലമോ അപകീര്‍ത്തികരമോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രയോഗങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ ഒരുകാരണവശാലും അയയ്ക്കരുത്.

വിദ്വേഷ പ്രസംഗം, ഗ്രാഫിക് അക്രമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടുന്നവയാണ്. കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്ക് ബള്‍ക്കായി മെസേജ് ഫോര്‍വേഡ് ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. തെറ്റായ വിവരങ്ങള്‍ പങ്കിടുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇവ നിരോധനത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ വിവരങ്ങള്‍ കൈമാറുമ്പോള്‍ പ്രത്യേകിച്ച് സര്‍ക്കാരുകളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ ആധികാരികത ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

ഒരു ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ, വാട്‌സാപ് ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും മറ്റ് ഉപയോക്താക്കള്‍ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആയിരിക്കും ഇത്തരം നടപടികള്‍. മാല്‍വെയറോ വൈറസുകളോ അടങ്ങിയ ഫയലുകള്‍ അയയ്ക്കുന്നത് വാട്ട്സാപ്പിന്റെ നയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. പങ്കിടുന്ന എല്ലാ ഫയലുകളും സുരക്ഷിതവും നിയമാനുസൃതവുമാണെന്ന് ഉറപ്പാക്കുക.