indhulakshmi

രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 'അപ്പുറം' പ്രദർശനത്തിന് ഒരുങ്ങുമ്പോൾ നിറഞ്ഞ ആഹ്ളാദത്തിൽ സംവിധായിക ഇന്ദു ലക്ഷ്മി. ആദ്യ സംവിധാനചിത്രമായ 'നിള' പോയവർഷം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇടം പിടിച്ചു. "അപ്പുറം ' സിനിമ പിറന്ന വഴിയും അനുഭവങ്ങളും ഇന്ദു ലക്ഷ്മി പങ്കിടുന്നു.

രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യമായി മലയാളത്തിൽനിന്ന് നാല് സംവിധായികരുടെ സിനിമകൾ സാന്നിദ്ധ്യം അറിയിക്കുന്നു ?

സന്തോഷം തരുന്ന വലിയ കാര്യം തന്നെയാണ്. എന്നാൽ വനിത സംവിധായിക എന്ന വിശേഷണത്തോടെ യോജിപ്പില്ല. സിനിമയിൽ, പ്രത്യേകിച്ച് , സംവിധാന മേഖലയിൽ ആൺ, പെൺ എന്ന് വേർതിരിക്കാൻ പാടില്ല. ആൺ- പെൺ വ്യത്യാസങ്ങൾ ഒരു കലാരൂപത്തിൽ വരുന്നതിനോട് ഒരിക്കലും യോജിക്കാനും കഴിയില്ല. കഷ്ടപ്പെട്ട് പ്രവർത്തിച്ചാൽ സ്ത്രീയുടേതായാലും പുരുഷന്റേതായാലും സിനിമ വിജയിക്കും.ഐ.എഫ്.എഫ്.കെയിൽ നാല് സംവിധായികരുടെ സിനിമകൾ വരുന്നത് ചരിത്രപരമായ കാര്യമായതിനാൽ ആ തിളക്കം വലുതാണ്.

'നിള'യിൽ നിന്നുള്ള അതിജീവനമാണോ 'അപ്പുറം' ?

ഒരുകണക്കിന് അതിജീവനമെന്ന് പറയാം.മനപൂർവമായ പല ബുദ്ധിമുട്ടുകളിലൂടെ കടന്ന് 'നിള' പൂർത്തിയാക്കുക എന്നത് വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു. അതിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് എന്ന് 'അപ്പുറം " സിനിമയെ വിളിക്കാം. മാനസികമായി തളർന്ന അവസ്ഥയിൽ നിന്ന് തിക്താനുഭവങ്ങളെ കഴുകിക്കളയാൻ വേണ്ടി അടുത്ത സിനിമ ചെയ്യാൻ തീരുമാനിച്ചു. സിനിമ എന്ന മാധ്യമം ഒാർമ്മകൾ എനിക്ക് തരണമെന്ന് നിർബന്ധമുണ്ട്. ഒാർമ്മകൾ തുടങ്ങുന്ന കാലം മുതൽ എഴുത്തിനോടും സാഹിത്യത്തോടും നല്ല സിനിമയോടും ആദരവും ഇഷ്ടവുമൊക്കെയുണ്ട്. അത് എനിക്ക് നഷ്ടപ്പെട്ടില്ല എന്ന് എന്നെ തന്നെ ഒാർമ്മിപ്പിക്കാനാണ് ഇടവേള നൽകാതെ 'നിള'യുടെ പിന്നാലെ 'അപ്പുറം' ചെയ്തത്. നിർമ്മാതാവ് എന്ന നിലയിലും വിട്ടുവീഴ്ചകളൊന്നും വേണ്ടി വന്നില്ല.

'അപ്പുറം' സിനിമയുടെ ലോകം ?

ഒരു കുടുംബത്തിന്റെ വൈകാരികമായ യാത്രയും പര്യവസാനവും ഒരു ടീനേജ് പെൺകുട്ടിയുടെ കണ്ണിലൂടെ പറയുന്നു. ജഗദീഷും അനഘ രവിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി ഐ.ജി ആണ് മറ്റൊരു പ്രധാന താരം. നിരവധി നാടക പ്രവർത്തകരുമുണ്ട്. പെട്ടെന്ന് സംഭവിച്ച സിനിമ എന്ന് പറയാൻ കഴിയില്ല. ചില കഥകൾ അറിയാതെ നമ്മോടൊപ്പം സഞ്ചരിക്കാറുണ്ട്. എന്റെ ഹൃദയത്തോട് ചേർന്ന പ്രമേയം.

ഒൻപത് രാപകലുകളിൽ ചിത്രീകരിച്ച സിനിമ . തിരുവനന്തപുരത്താണ് ചിത്രീകരണം. ഇനി സിനിമ ചെയ്യിക്കില്ലെന്ന ഭീഷണി ഉണ്ടായിരുന്നു. അതിനാൽ ഷൂട്ടിന്റെ കാര്യങ്ങൾ രഹസ്യമാക്കി. ചെറിയ ടീമിന്റെ നേതൃത്വത്തിൽ ചിത്രീകരണം. പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് സെൻസറിംഗ് നടത്താൻ സാധിച്ചു. 'അപ്പുറം" എന്നാണ് പേര് എന്ന് സിനിമയിൽ പ്രവർത്തിച്ച അധികംപേർക്കും അറിയില്ലായിരുന്നു.

ജർമ്മനിയിൽ താമസമാക്കിയതിനാൽ അടുത്ത സിനിമ വൈകുമോ ?

അങ്ങനെ സംഭവിക്കില്ല. അടുത്ത സിനിമയുടെ ജോലികൾ നടക്കുന്നു.

ഒരിക്കലും സിനിമ മാറ്റിവയ്ക്കില്ല. ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാമല്ലോ. അവിടെയിരുന്ന് എല്ലാവരെയും മീറ്റ് ചെയ്യും. സിനിമ നടക്കുമ്പോൾ തിരിച്ചുവരാമെന്ന തീരുമാനത്തിലാണ് പോയത്. സിനിമയുടെ അവധി കൂടാൻ ജർമ്മനി വാസം കാരണമാകില്ല.