
അമൃത്സർ: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്തായിരുന്നു സംഭവം. രണ്ട് തവണയാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവയ്പ്പുണ്ടായത്.
പ്രവേശന കവാടത്തിന്റെ മതിലിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സുഖ്ബീർ സിംഗിന്റെ അടുത്ത് നിന്ന് വെടിവച്ച ആളെ ഉടൻ ചുറ്റുമുള്ള ആളുകൾ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുവർണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ അരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു സുഖ്ബീർ സിംഗ് ബാദൽ. നാരണയൺ സിംഗ് എന്നയാളാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
സുഖ്ബീർ സിംഗ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ട് ദിവസം കാവൽ നിൽക്കണം,കഴുത്തിൽ പ്ലക്കാർഡ് ധരിക്കണം, കെെയിൽ കുന്തം കരുതണം തുടങ്ങിയവയാണ് ശിക്ഷ. ഇതിന്റെ ഭാഗമായി സുവർണക്ഷേത്രത്തിൽ കാവൽ നിൽക്കുമ്പോളാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ ആക്രമണം ഉണ്ടായത്. 2007-2017 കാലത്തെ അകാലിദൾ സർക്കാരിന്റെയും പാർട്ടിയുടെയും മതപരമായ തെറ്റുകളെ മുൻനിർത്തിയാണ് ശിക്ഷിച്ചത്. ബാദലിന്റെ അകാലിദൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്കും അകാൽ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.