
മീററ്റ്: സോഷ്യൽ മീഡിയയിൽ പല വിവാഹത്തിന്റെയും വീഡിയോകൾ വൈറലാകാറുണ്ട്. ചിലപ്പോൾ വീഡിയോകൾ വൻവിവാദങ്ങൾക്കും രസകരമായ ചർച്ചകൾക്കും കാരണമാകാം. ഇപ്പോഴിതാ മീററ്റിൽ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. വധുവിന്റെ കുടുംബം സ്ത്രീധനമായി കോടികൾ വിവാഹ വേദിയിൽ വച്ച് പരസ്യമായി നൽകുന്നതാണ് പുറത്തുവന്ന വീഡിയോ.
മീററ്റിലെ എൻഎച്ച് 58ലെ ഒരു റിസോർട്ടിൽ നിന്നുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്, രണ്ടരക്കോടി രൂപയാണ് വധുവിന്റെ കുടുംബം സ്യൂട്ട്കേസുകളിലാക്കി വരന്റെ അടുത്ത ബന്ധുക്കളെ ഏൽപ്പിച്ചത്. വിവാഹാചാരത്തിന്റെ ഭാഗമായി വധുവിന്റെ കുടുംബം വരന്റെ ഷൂസ് മോഷ്ടിക്കുന്ന ഒരു ചടങ്ങുണ്ട്. ഇതിനെ 'ജൂത ചുറൈയ്' എന്നാണ് അറിയപ്പെടുന്നത്. ഇതിന് സമ്മാനമായി വരന്റെ ബന്ധുക്കൾ 11 ലക്ഷമാണ് വധുവിന്റെ ബന്ധുക്കൾക്ക് സമ്മാനിച്ചത്.

അതുപോലെ വിവാഹത്തിന് നേത്യത്വം കൊടുത്ത വ്യക്തിക്ക് 11 ലക്ഷം സമ്മാനിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കൂടാതെ അവിടെയുളള ഒരു പളളിക്ക് എട്ട് ലക്ഷം രൂപ നൽകുമെന്ന് വധുവിന്റെ കുടുംബം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. വരന് ആഡംബര കാർ വാങ്ങാൻ 75 ലക്ഷം രൂപ നൽകുമെന്ന് വധുവിന്റെ ബന്ധുക്കൾ അഭിമാനത്തോടെ പറയുന്നതും കാണാം.
വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇത്തരം വീഡിയോകൾ നൽകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ചിലർ വീഡിയോ വ്യാജമാണെന്നും പറയുകയുണ്ടായി. ഒരു ദേശീയ മാദ്ധ്യമം വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുകയും യഥാർത്ഥത്തിൽ നടന്നതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.