
കേരളം ചർച്ച ചെയ്തിട്ടുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളിൽ വാദിക്കുകയും ജയിക്കുകയും ചെയ്ത അഭിഭാഷകനായ അഡ്വ. പി.എ. അഹമ്മദ് കർമ്മരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. കേരള സർക്കാരിനു വേണ്ടി പാമോയിൽ കേസിൽ ഹാജരാകുന്നതിന് മുമ്പുതന്നെ ഇടതുപക്ഷ ആഭിമുഖ്യമുള്ള വ്യക്തി എന്ന നിലയിലും എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനെന്ന നിലയിലും അഹമ്മദ് എന്റെ സുഹൃത്തായിരുന്നു. ഒരിക്കൽ പരിചയപ്പെടുന്നവർ പിന്നീട് ഒരിക്കലും മറക്കാത്ത ആകാരസൗഷ്ഠവവും സന്തോഷപൂർവമുള്ള ഇടപെടലും എപ്പോഴും ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മനസും നിയമബുദ്ധിയുടെ കൂർമ്മതയുള്ള നിരീക്ഷണങ്ങളും അഹമ്മദിന് അഭിഭാഷക സമൂഹത്തിനപ്പുറവും ഒട്ടേറെ ദൃഢമായ സുഹൃദ് ബന്ധങ്ങൾ നേടിക്കൊടുത്തു.
അരനൂറ്റാണ്ടിനിടയിൽ വഞ്ചിയൂരിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി സാധാരണക്കാർക്കു വേണ്ടിയും സമൂഹത്തിലെ ഉന്നത വ്യക്തികൾക്കു വേണ്ടിയും അഹമ്മദ് നടത്തിയിട്ടുള്ള കേസുകൾ ഒട്ടേറെയാണ്. അതിൽ ഏറ്റവും കൗതുകകരമായ ഒന്നാണ് 'പറക്കും സ്വാമി" എന്നു വിളിക്കപ്പെട്ടിരുന്ന, വിവാദങ്ങളിലൂടെ ഒരു കാലത്ത് ഇന്ത്യയെമ്പാടും അറിയപ്പെട്ടിരുന്ന വിഷ്‌ണു ദേവനന്ദ സരസ്വതിയുമായി ബന്ധപ്പെട്ട മാനനഷ്ട കേസ്.. ഇംഗ്ളീഷ് പ്രസിദ്ധീകരണമായ സൺഡേ മാഗനസിനിൽ പറക്കും സ്വാമിയെക്കുറിച്ച് 'ഗോഡ് ഓർ ഫ്രാഡ്" എന്ന തലക്കെട്ടിൽ ഒരു ലേഖനം വന്നിരുന്നു. ഈ ലേഖനത്തിൽ പരാമർശിക്കപ്പെട്ട പല കാര്യങ്ങളും തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്നും അതിനാൽ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് പറക്കും സ്വാമി കേസ് നൽകിയത്.
തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ കേസിൽ എതിർഭാഗത്തിനു വേണ്ടി ഹാജരായത് അഹമ്മദായിരുന്നു. നിയമപരമായി തന്റെ കക്ഷിയുടെ അടിത്തറ ദുർബലമായിരുന്നെങ്കിലും സാമാന്യ യുക്തിയിൽ ഊന്നിയ വിദഗ്ദ്ധമായ ഒരു വാദത്തിലൂടെയാണ് അഹമ്മദ് കേസ് ജയിച്ചത്. അനുയായികൾ സ്വാമിയെ കണക്കാക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ദൈവമായിത്തന്നെയാണ് കാണുന്നത് എന്നായിരുന്നു പറക്കും സ്വാമിക്കു വേണ്ടി മൊഴി കൊടുത്ത മുക്ത്യാർകാരന്റെ ഉത്തരം. സന്യാസദീക്ഷ സ്വീകരിച്ചതിനു ശേഷം ദൈവത്തിന്റെ അവസ്ഥയിൽ അനുയായികൾ കാണുന്ന സ്വാമി, മാനത്തിനും അഭിമാനത്തിനും അപ്പുറമാണെന്നും സന്യാസദീക്ഷ സ്വീകരിക്കുന്നതിനു മുമ്പുള്ള വ്യക്തിക്കേ നഷ്ടപരിഹാരം ആവശ്യപ്പെടാൻ അർഹതയുള്ളൂ എന്നുമായിരുന്നു അഹമ്മദിന്റെ വാദം. പഴയ വ്യക്തിക്ക് ഒരു 'സിവിൽ ഡെത്ത് " സംഭവിച്ചുകഴിഞ്ഞു. ഇത് ലോകാരാദ്ധ്യനായ മറ്റൊരു വ്യക്തിയാണ്. അദ്ദേഹത്തിന് നഷ്ടപരിഹാരത്തിന് കേസു നൽകാൻ അർഹതയില്ല എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി കെ. കരുണാകരനും നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രതികളായ, രാഷ്ട്രീയ രംഗത്ത് ഏറെ ഒച്ചപ്പാടുകൾക്കും വ്യതിയാനങ്ങൾക്കും ഇടയാക്കിയ പാമോയിൽ കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു വേണ്ടി ഹാജരായതും ദീർഘനാൾ വിവിധ കോടതികളിൽ കേസ് നടത്തിയതും അഹമ്മദായിരുന്നു. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള പ്രതിയായ ഗ്രാഫൈറ്റ് കേസിൽ സർക്കാരിനു വേണ്ടി ഹാജരായതും അഹമ്മദായിരുന്നു. ഗ്രാഫൈറ്റ് കമ്പനിയുമായി കെ.എസ്.ഇ.ബി നടത്തിയ കരാറിലെ അഴിമതി പുറത്തുകൊണ്ടുവന്നത് ഈ കേസാണ്.
ഇന്ന് നാം കാണുന്ന പുത്തരിക്കണ്ടം മൈതാനം ഈ രീതിയിൽ നിലനില്ക്കുന്നതിനും കോടതി വ്യവഹാര ചരിത്രത്തിൽ ഒരു സ്ഥാനമുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് ബഹുനില വാണിജ്യ സമുച്ചയം നിർമ്മിക്കാൻ അന്നത്തെ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തു. നിർമ്മാണത്തിനുള്ള ടെൻഡർ ക്ഷണിക്കാനും തീരുമാനിച്ചു. പ്രകൃതിസ്നേഹിയായ പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള പ്രകൃതി സംരക്ഷണ സമിതി, കോർപ്പറേഷന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നു. നിയമ നടപടികളിലൂടെ മാത്രമേ നഗരസഭാ സമിതിയുടെ തീരുമാനം തടയാൻ കഴിയൂവെന്ന് മനസിലാക്കി സുഗതകുമാരി തന്റെ അഭിഭാഷകനായി അഹമ്മദിനെ ചുമതലപ്പെടുത്തി. പുത്തരിക്കണ്ടത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ ശക്തമായ വാദമുഖങ്ങൾ നിരത്തി കോടതി ഉത്തരവു നേടി, അഹമ്മദ്. ഇപ്പോഴും പുത്തരിക്കണ്ടത്ത് ഒരു നിർമ്മാണ പ്രവർത്തനവും നടക്കാത്തതിന് നന്ദി പറയേണ്ടത് ഈ കോടതി ഉത്തരവിനോടാണ്.
കിളിമാനൂരിനു സമീപം പേരൂർ ഗ്രാമത്തിൽ ജനിച്ച അഹമ്മദ് രാജാ രവിവർമ്മ ഹൈസ്‌കൂൾ,. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ. ലാ കോളേജ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. 1974-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അഹമ്മദ് അഭിഭാഷകവൃത്തി കർമ്മശോഭയോടെ ഇപ്പോഴും അനുസ്യൂതം തുടരുന്നു. പ്രശസ്ത അഭിഭാഷകൻ ഗോപാലകൃഷ്ണൻ നായരുടെ കീഴിലാണ് തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങിയത്. കേരള യൂണിവേഴ്‌സിറ്റി ലീഗൽ അഡ്വൈസറായി പത്തു വർഷവും, സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിംഗ് കോൺസൽ ആയി ആറു വർഷത്തോളവും പ്രവർത്തിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ഇൻഫോ പാർക്ക്, ടെക്നോപാർക്ക്, കെ.എസ്.ഐ.ഡി.സി, ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി സമിതി, കെ.എസ്.ഇ.ബി എന്നിവയുടെ സ്റ്റാൻഡിംഗ് കോൺസലായി പല കാലഘട്ടങ്ങളിൽ പ്രവർത്തിച്ചു. കെ.ടി.ഡി.സി, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ നിയമോപദേശകനാണ് ഇപ്പോൾ. കേരള ലായേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ്, എസ്.യു.ടി ഹോസ്‌പിറ്റൽ, മെഡിക്കൽ കോളേജ് എന്നിവയുടെ സ്ഥാപക ചെയർമാൻ കൂടിയാണ് അഹമ്മദ്.