
മത്സ്യത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പഴകിയ മത്സ്യങ്ങൾ കഴിച്ചാൽ വയറിളക്കം അടക്കമുള്ള രോഗങ്ങൾ നിങ്ങളെ തേടിയെത്താൻ സാദ്ധ്യതയുണ്ട്. മീനിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റുള്ള പല വാർത്തകളും മുമ്പ് പുറത്തുവന്നിരുന്നു.
മാർക്കറ്റിൽ പോയി മത്സ്യം വാങ്ങി വീട്ടിലെത്തി, പാചകം ചെയ്യുമ്പോഴായിരിക്കും പഴകിയതാണെന്ന് മനസിലാകുക. ചിലർക്ക് അതും മനസിലാകണമെന്നില്ല. കാശ് കൊടുത്ത് വാങ്ങിയതല്ലേ എന്നുകരുതി കഴിക്കുകയും ചെയ്യും.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ചെറുതായൊന്ന് തൊട്ടുനോക്കുമ്പോൾ തന്നെ പഴകിയ മത്സ്യത്തെ തിരിച്ചറിയാൻ സാധിക്കും. വിരൽകൊണ്ട് അമർത്തി നോക്കുക. നല്ലതാണെങ്കിൽ ദൃഢമായിരിക്കും. ചീഞ്ഞതാണെങ്കിൽ മാംസം തൊടുമ്പോൾ കുഴിഞ്ഞുപോകും.
പുതിയ മത്സ്യങ്ങളുടെ ചെകിള തിളക്കമുള്ളതും ചുവന്നതുമായിരിക്കും. പഴകിയ മത്സ്യത്തിൽ ഇത് തവിട്ട് അല്ലെങ്കിൽ മങ്ങിയ നിറമായിരിക്കും. കറുപ്പ് നിറമാണെങ്കിൽ ഒരുപാട് പഴയതാണെന്ന് മനസിലാക്കാം. ഫ്രഷ് മത്സ്യത്തിന്റെ കണ്ണിന് നല്ല തിളക്കമുണ്ടാകും.മീനിന്റെ കണ്ണിന് നിറവ്യത്യാസമുണ്ടെങ്കിൽ അത് പഴകിയതായിരിക്കും. ഫോർമാലിനും മറ്റും ചേർത്തതാണെങ്കിൽ മത്സ്യത്തിന്റെ സ്വാഭാവിക മണം ഉണ്ടാകില്ല.
സംസ്ഥാനത്ത് നിന്ന് നിരവധി തവണ പഴകിയ മത്സ്യങ്ങൾ പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ മത്സ്യങ്ങളിൽ മായം ചേർക്കുന്നതോ അല്ലെങ്കിൽ പഴകിയതോ വിൽക്കുന്നുണ്ടെങ്കിൽ അത് പരാതിപ്പെടാനുള്ള സംവിധാനവും നമുക്കുണ്ട്. 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് പരാതി അറിയിക്കാൻ സാധിക്കും.