thoppi

കൊച്ചി: താമസസ്ഥലത്ത് നിന്ന് ലഹരി കണ്ടെത്തിയെന്ന കേസിൽ 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീ‌ർപ്പാക്കി. നിഹാദടക്കം ആറ് പേർക്കെതിരെ കേസ് നിലവിലിൽ ഇല്ലെന്ന് പൊലീസ് അറിയച്ചതോടെയാണ് എറണാകുളം സെഷൻസ് കോടതി ജാമ്യഹർജി തീർപ്പാക്കിയത്. നിഹാദും സുഹൃത്തുക്കളായ മൂന്ന് യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഈ മാസം നാലിനകം റിപ്പോർട്ട് നൽകാൻ പാലാരിവട്ടം പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.

തു‍ടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചത്. തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയെ കഴിഞ്ഞ മാസം16നാണ് തമ്മനത്തെ അപ്പാർട്ട്മെന്റിൽ നിന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുമായി പിടികൂടിയത്. കേസിൽ പ്രതിയാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തൊപ്പിയും സുഹൃത്തുക്കളും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

അടുത്തിടെയാണ് താൻ വിഷാദത്തിലൂടെ കടന്നുപോകുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് തൊപ്പി ജന്മദിനത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തൊപ്പി എന്ന കഥാപാത്രം ഉപേക്ഷിക്കുകയാണെന്നും നിഹാദ് പറഞ്ഞിരുന്നു. ആൾക്കാർ എന്തെങ്കിലും വിചാരിക്കട്ടെ, പക്ഷേ സ്വന്തം ഫാമിലി സ്വീകരിച്ചിട്ടില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടെന്താ കാര്യം. തൊപ്പി മരിച്ച്. ഇനി നിഹാദായിട്ട് കാണാം. ചിലപ്പോൾ നിഹാദായിട്ട് വരും. ലൈവ് നിർത്തിയിട്ട് പോയിക്കഴിഞ്ഞാൽ ജീവിക്കുമോയെന്ന് പോലും ഉറപ്പില്ല.'- തൊപ്പി വീഡിയോയിൽ പറഞ്ഞു.