cricket

ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ മുതൽ അഡ്‌ലെ‌യ്ഡിൽ

മത്സരം നടക്കുന്നത് പിങ്ക് പന്ത് ഉപയോഗിച്ച് ഡേ ആൻഡ് നൈറ്റായി

അഡ്‌ലെയ്ഡ് : ഓസ്ട്രേലിയയിലെ അശ്വമേധം തുടരാൻ ഇന്ത്യ നാളെ മുതൽ അഡ്‌ലെയ്ഡിൽ പരമ്പരയിലെ ഏക പിങ്ക് ടെസ്റ്റിന് ഇറങ്ങുന്നു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിലും സന്നാഹ മത്സരത്തിലും വിജയം നേടിയാണ് ഇന്ത്യ അഡ്‌ലെയ്ഡിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ഇവിടെയെത്തിയ ഇന്ത്യൻ ടീം ഇന്നലെയും ഫ്ളഡ്‌ലിറ്റിന് കീഴിൽ പരിശീലനം നടത്തി. വിദേശമണ്ണിൽ പിങ്ക് ബാൾ ടെസ്റ്റിൽ ജയിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിട്ടുനിന്ന രോഹിത് ശർമ്മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് പെർത്തിൽ ഇന്ത്യയെ നയിച്ചത്. മടങ്ങിയെത്തി പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള സന്നാഹ മത്സരത്തിൽ ക്യാപ്ടനായിറങ്ങിയ രോഹിതിന് കീഴിലാകും ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യ കളിക്കാനിറങ്ങുന്നത്.പരിക്കുമൂലം ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നിരുന്ന ശുഭ്മാൻ ഗില്ലും സന്നാഹത്തിൽ കളിച്ചിരുന്നു.

രോഹിത്തും ഗില്ലും പ്ളേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.പെർത്തിലെ രണ്ടാം ഇന്നിംഗ്സിൽ തകർത്താടിയ യശസ്വി ജയ്സ്വാൾ - കെ.എൽ രാഹുൽ സഖ്യത്തെ അഡ്‌ലെയ്ഡിലും ഓപ്പണിംഗിൽ തുടരാൻ അനുവദിച്ചേക്കും. അങ്ങനെയെങ്കിൽ രോഹിതിന് മദ്ധ്യനിരയിലേക്ക് മാറേണ്ടിവരും. താൻ ഇതിന് തയ്യാറാണെന്ന് സന്നാഹത്തിൽ രോഹിത് തെളിയിച്ചിരുന്നു. എന്നാൽ കുറച്ചുനാളായി ഫോമിലല്ലാത്ത രോഹിതിന് സന്നാഹത്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ഗിൽ ഫസ്റ്റ് ഡൗണായിറങ്ങുകയും വിരാട് സെക്കൻഡ് ഡൗണാവുകയും ചെയ്താൽ അഞ്ചാം നമ്പരിലേ രോഹിതിന് അവസരം ലഭിക്കുകയുള്ളൂ.

പേസ് ബൗളർമാരിൽ വലിയ മാറ്റങ്ങൾ വരാനിടയില്ല. എന്നാൽ പെർത്തിൽ കളിക്കാതിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിന് അഡ്‌ലെയ്ഡിലും അവസരം ലഭിക്കാനിടയില്ല. അശ്വിന് പകരം വാഷിംഗ്ടൺ സുന്ദർ ഈ ടെസ്റ്റിലും കളിക്കാനാണ് സാദ്ധ്യത. ജഡേജയ്ക്കും അവസരം ലഭിക്കണമെന്നില്ല. ആദ്യ ടെസ്റ്റിൽ കളിച്ച നിതീഷ് കുമാർ റെഡ്ഡി നാളെയും പ്ളേയിംഗ് ഇലവനിലുണ്ടാകും.

പക വീട്ടാൻ ഓസ്ട്രേലിയ

കഴിഞ്ഞ നാല് ബോർഡർ - ഗാവസ്കർ ട്രോഫികളിലും ഇന്ത്യയോട് തോൽക്കേണ്ടിവന്ന ഓസ്ട്രേലിയ അതിന്റെ പക തീർക്കാനാണ് ഇറങ്ങുന്നത്. 2014-15 സീസണിലാണ് ഓസ്ട്രേലിയ അവസാനമായി കിരീടം നേടിയത്.2016-17ലും 2022-23ലും ഇന്ത്യയിൽ നടന്ന പരമ്പരകളിലും 2018-19ലും 2020-21ലും ഓസ്ട്രേലിയയിൽ നടന്ന പരമ്പരകളിലും ഇന്ത്യയാണ് ജയിച്ചത്. നാലുടെസ്റ്റുകളുടെ പരമ്പരകളിൽ 2-1 എന്ന മാർജിനിലായിരുന്നു ഇന്ത്യയു‌ടെ വിജയങ്ങൾ.

കമ്മിൻസിന്റെ കരുത്ത്

പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമുമായാണ് പാറ്റ് കമ്മിൻസ് കളത്തിലിറങ്ങുന്നത്. ടെസ്റ്റ് ഫോർമാറ്റിലെ മിടുക്കരായ സ്റ്റീവൻ സ്മിത്ത്,ഉസ്മാൻ ഖ്വാജ,ട്രാവിസ് ഹെഡ്,മാർനസ് ലാബുഷേയ്ൻ ,കീപ്പർ അലക്സ് കാരേ എന്നിവരാണ് ബാറ്റിംഗ് നിരയിലെ കരുത്ത്. ആൾറൗണ്ടർമാരായി ഷോൺ മാർഷും പുതുമുഖം നഥാൻ സക്സ്വീനിയും. കമ്മിൻസിനാെപ്പം ജോഷ് ഹേസൽവുഡ്,മിച്ചൽ സ്റ്റാർക്ക്,സ്കോട്ട് ബോളാണ്ട് തുടങ്ങിയവരാണ് പേസർമാരായി ഉണ്ടാവുക. സ്പിൻ മുഖമായി പരിചയസമ്പന്നനായ നഥാൻ ലിയോണും.

12

ഇതുവരെ കളിച്ച ഒരു ഡസൻ പിങ്ക് ബാൾ ടെസ്റ്റുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഓസ്ട്രേലിയ തോറ്റത്.

4

പിങ്ക് ബാൾ ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം ഹോം മാച്ചുകളായിരുന്നു അതിൽ വിജയിച്ചു.

2020

ൽ ഇതേവേദിയിൽ നടന്ന ഓസ്ട്രേലിയയുമായുള്ള പിങ്ക് ബാൾ ടെസ്റ്റിൽ ഇന്ത്യ തോറ്റിരുന്നു.

7

അഡ്‌ലെയ്ഡിൽ ഇതുവരെ തങ്ങൾ കളിച്ച ഏഴ് പിങ്ക്ബാൾ ടെസ്റ്റുകളിലും ജയിച്ച ടീമാണ് ഓസ്ട്രേലിയ.

2015

ൽ ഓസ്ട്രേലിയ ആദ്യമായി പിങ്ക് ബാൾ ടെസ്റ്റ് കളിക്കാനിറങ്ങിയ വേദിയാണ് അഡ്‌ലെയ്ഡ്. അന്ന് ന്യൂസിലാൻഡിനെതിരെ വിജയം നേടിയിരുന്നു.

ടീമുകൾ ഇവരിൽ നിന്ന്

ഓസ്ട്രേലിയ : ട്രാവിസ് ഹെഡ്,ഉസ്മാൻ ഖ്വാജ,സ്റ്റീവൻ സ്മിത്ത്, അലക്സ് കാരേ, ജോൺ ഇംഗലിസ്,മാർനസ് ലാബുഷേയ്ൻ,മിച്ചൽ മാർഷ്,നഥാൻ സക്സ്വീനി, പാറ്റ് കമ്മിൻസ് (ക്യാപ്ടൻ), ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളാണ്ട് , നഥാൻ ലിയോൺ,

ഇന്ത്യ : യശസ്വി ജയ്സ്വാൾ,കെ.എൽ രാഹുൽ,വിരാട് കൊഹ്‌ലി,ദേവ്‌ദത്ത് പടിക്കൽ,സർഫ്രാസ് ഖാൻ,റിഷഭ് പന്ത്,ധ്രുവ് ജുറേൽ,അഭിമന്യു ഈശ്വരൻ,അശ്വിൻ,ജഡേജ,നിതീഷ് കുമാർ,വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ (ക്യാപ്ടൻ), മുഹമ്മദ് സിറാജ്, ആകാശ് ദീപ്,ഹർഷിത് റാണ,പ്രസിദ്ധ് കൃഷ്ണ, ശുഭ്മാൻ ഗിൽ.