
സോൾ: രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ ഇംപീച്ച്മെന്റ് നീക്കം തുടങ്ങി പ്രതിപക്ഷ പാർട്ടികൾ. ചൊവ്വാഴ്ച രാത്രിയാണ് ഏവരെയും ഞെട്ടിച്ച് ദേശീയ ടെലിവിഷനിലൂടെ യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. ഇതോടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചു. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ നിയമം പിൻവലിച്ചിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്. പിന്നാലെ രാജ്യത്ത് ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. യൂനിന്റെ രാജിക്കായി വിദ്യാർത്ഥികളടക്കം തെരുവിലിറങ്ങി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രണ്ട് മണിക്കൂറിനുള്ളിൽ നിയമം തടയുന്ന പ്രമേയം പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ പാസാക്കി. നിയമം അസാധുവാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചു.
തങ്ങളെ അറിയിക്കാതെയുള്ള യൂനിന്റെ പ്രഖ്യാപനം ഭരണപക്ഷത്തും കടുത്ത അമർഷമുണ്ടാക്കി. ഇതോടെ നിയമം റദ്ദാക്കാൻ നിർബന്ധിതനായ യൂൻ പാർലമെന്റിനെ വളഞ്ഞിരുന്ന സൈന്യത്തെയും പിൻവലിച്ചു. അതേ സമയം, കൊറിയൻ കോൺഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് യൂനിന്റെ രാജിക്കായി സമരം തുടങ്ങി. പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യൂനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും രാജി സന്നദ്ധത അറിയിച്ചു. 1980ന് ശേഷം ആദ്യമായിട്ടാണ് ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്.
# യൂൻ പുറത്തേക്ക് ?
300 അംഗ പാർലമെന്റിൽ (നാഷണൽ അസംബ്ലി) പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കാണ് ഭൂരിപക്ഷം (170). യൂനിന്റെ പീപ്പിൾ പവർ പാർട്ടിക്ക് 108. മറ്റ് അഞ്ച് പാർട്ടികളും കൂടി ചേരുമ്പോൾ പ്രതിപക്ഷത്ത് ആകെ 192 എം.പിമാരുണ്ട്. മൂന്നിൽ രണ്ടിലേറെ എം.പിമാരുടെ പിന്തുണയുണ്ടെങ്കിലേ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനാകൂ. പാർലമെന്റിൽ സമർപ്പിക്കപ്പെട്ട ഇംപീച്ച്മെന്റ് ബില്ലിന്മേൽ 72 മണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് പ്രതീക്ഷിക്കാം.
# പട്ടാള നിയമം എന്തിന് ?
(യൂനിന്റെ വാദങ്ങൾ)
1. പ്രതിപക്ഷത്തിന് ഉത്തര കൊറിയയോട് അനുഭാവം. രാജ്യവിരുദ്ധ നീക്കങ്ങളിലൂടെ സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നു
2. ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കണം. ഉത്തര കൊറിയൻ അനുകൂലികളെ ഉന്മൂലനം ചെയ്യണം
3. ഭരണഘടനാപരമായ ക്രമസമാധാനം സംരക്ഷിക്കണം
# വിവാദങ്ങളെ തളയ്ക്കാൻ ?
 ആഭ്യന്തര സമർദ്ദങ്ങളും അഴിമതികളും മറയ്ക്കാനാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചതെന്ന് ആരോപണം
 ഭരണപക്ഷവും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ ബജറ്റിനെച്ചൊല്ലി ഭിന്നത
 രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തം
 2022ൽ അധികാരത്തിലെത്തിയ യൂനിന് ജനപ്രീതി തീരെ കുറവ്
# ' യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത് തെറ്റാണ്."
- ഹാൻ ഡോംഗ്-ഹൂൻ, അദ്ധ്യക്ഷൻ, പീപ്പിൾ പവർ പാർട്ടി