
ധാക്ക: രാജ്യത്ത് ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം നിരോധിക്കണമെന്ന് കാട്ടി ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. പ്രകോപനപരമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നെന്ന് കാട്ടി എഖ്‌ലാസ് ഉദ്ദിൻ ഭുയാൻ എന്ന അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ബംഗ്ലാദേശിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധവും യുവാക്കളുടെ വികസനത്തിന് ഹാനികരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നും ഹർജിയിൽ ആരോപിച്ചു. ഈ മാസം അവസാനം കോടതി വാദം കേൾക്കും.
ഇതിനിടെ,ത്രിപുരയിലെ അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മിഷൻ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് 7 ഹിന്ദു സംഘർഷ് സമിതി പ്രവർത്തകർ അറസ്റ്റിലായി. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ സസ്‌പെൻഡും ചെയ്തു. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മിഷണറെ വിളിച്ച് വരുത്തി അതൃപ്തി അറിയിച്ചിരുന്നു. അതേസമയം, ഹിന്ദുക്കൾ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഇസ്കോൺ മുൻ അംഗം ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ ജാമ്യം നിഷേധിച്ചതിനെതിരെ ഇന്ത്യയിലടക്കം പ്രതിഷേധം ശക്തമായി.
ജാഗ്രത നിർദ്ദേശം
ന്യൂനപക്ഷ വിരുദ്ധ ആക്രമണം തുടരുന്ന ബംഗ്ലാദേശിലേക്ക് പോകുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് യു.കെ. ബംഗ്ലാദേശിൽ ഭീകരർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് യു.കെ സർക്കാർ അറിയിച്ചു. മോഷണമടക്കം മറ്റ് കുറ്റകൃത്യങ്ങൾക്കും സാദ്ധ്യതയുണ്ട്. കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണത്തിൽ ബ്രിട്ടീഷ് എം.പിമാർ ആശങ്ക രേഖപ്പെടുത്തി.
പാകിസ്ഥാനികൾക്ക് വിസ
പാകിസ്ഥാനി പൗരന്മാർക്കും പാക് വംശജർക്കും വിസ സൗകര്യമൊരുക്കണമെന്ന് തങ്ങളുടെ വിദേശ എംബസികൾക്ക് നിർദ്ദേശം നൽകി ബംഗ്ലാദേശ് സർക്കാർ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പാകിസ്ഥാനുമായുള്ള സൗഹൃദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം.