dubai

ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നത്. അടുത്തിടെയായി നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനത്തിലേക്ക് യുഎഇയും എത്തുകയാണ്. സ്വദേശിവത്കരണ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ഓഫീസുകളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട സ്വദേശികളുടെ എണ്ണത്തില്‍ കര്‍ശനമായ നിര്‍ദേശമാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

യുഎഇയില്‍ ഇപ്പോഴുള്ള സ്വദേശിവത്കരണ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് യുഎഇ തീരുമാനിച്ചിട്ടുള്ളത്. വന്‍കിട കമ്പനികളേക്കാള്‍ കൂടുതലായി നിയമം ബാധിക്കുന്നതാകട്ടെ ഇടത്തരം കമ്പനികളേയാകും. 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള സ്വകാര്യ കമ്പനികളില്‍ രണ്ട് സ്വദേശി ജീവനക്കാര്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ ഉത്തരവ്. നിലവില്‍ 50 ജീവനക്കാര്‍ക്ക് മുകളിലുള്ള കമ്പനികള്‍ക്ക് മാത്രമാണ് ഈ ചട്ടം ബാധകമായിരുന്നത്.

പുതിയ ഉത്തരവോടെ കൂടുതല്‍ കമ്പനികള്‍ സ്വദേശികളെ നിയമിക്കാന്‍ നിര്‍ബന്ധിതരാകും. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 96,000 ദിര്‍ഹം വരെ പിഴ ചുമത്തും. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം വരെയാണ് പിഴ ചുമത്തുക. സ്വദേശി കമ്പനികള്‍ക്ക് പുറമേ വിദേശത്ത് നിന്നുള്ള കമ്പനികള്‍ക്കും പുതിയ നിയമം ബാധകമാണ്. പ്രവാസികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുക ശമ്പള ഇനത്തില്‍ സ്വദേശികള്‍ക്ക് നല്‍കേണ്ട സാഹചര്യം വരുമ്പോള്‍ ഇത് കമ്പനികള്‍ക്ക് സാമ്പത്തികമായി ബാദ്ധ്യതയായി മാറും.

സാമ്പത്തിക മന്ത്രാലയത്തിന്റെ പുതിയ തീരുമാന പ്രകാരം സ്വകാര്യ കമ്പനികളുടെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്ന പുതിയ നിയമത്തിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം രൂപം നല്‍കി. 2025 ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ സംയുക്ത ഓഹരി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ ഒരു വനിതയും ഉള്‍പ്പെടണമെന്നതാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.