
ബീജിംഗ്: ഗാലിയം, ജെർമേനിയം, ആന്റിമണി എന്നീ ലോഹങ്ങളുടെയും സൂപ്പർ ഹാർഡ് മെറ്റീരിയലുകളുടെയും യു.എസിലേക്കുള്ള കയറ്റുമതി നിരോധിച്ച് ചൈന. സൈനിക മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന അപൂർവ്വ ലോഹങ്ങളാണിവ. ചൈനീസ് സെമികണ്ടക്ടർ മേഖലയുമായി ബന്ധപ്പെട്ട 140 കമ്പനികളിലേക്കുള്ള കയറ്റുമതിക്ക് യു.എസ് നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. സെമികണ്ടക്ടറുകളിൽ ഉപയോഗിക്കുന്നവയാണ് ഗാലിയവും ജെർമേനിയവും. ഇൻഫ്രാറെഡ് ടെക്നോളജി, ഫൈബർ ഒപ്റ്റിക്, സോളാർ സെൽ എന്നിവയിലും ജെർമേനിയം ഉപയോഗിക്കുന്നുണ്ട്. ആന്റിമണി ബുള്ളറ്റുകളിലും മറ്റ് ആയുധങ്ങളിലും ഉപയോഗിക്കുന്നു. നിക്കൽ, കൊബാൾട്ട് എന്നിവയുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സംസാരമുണ്ട്. ചൈനീസ് നിരോധനത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രതികരിച്ചു.