pic

സ്റ്റോക്‌ഹോം : സമാധാന നൊബേൽ ജേതാവായ ഇറാനിയൻ ആക്ടിവിസ്റ്റ് നർഗീസ് മുഹമ്മദിക്ക് (52) താത്കാലിക ജയിൽ മോചനം. മൂന്നാഴ്ചത്തേക്കാണ് ടെഹ്‌റാനിലെ എവിൻ ജയിൽ ഇളവ് അനുവദിച്ചത്. കഴിഞ്ഞ മാസം കാലിലെ മുഴ നീക്കാൻ നർഗീസിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് നർഗീസിന് ഇളവ് നൽകിയത്. അതേ സമയം, കുറഞ്ഞത് മൂന്ന് മാസമെങ്കിലും നർഗീസിന് ഇളവ് വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

കഴിഞ്ഞ വർഷമാണ് നർഗീസ് നോബലിന് അർഹയായത്. നിർബന്ധിത ഹിജാബിനും വധശിക്ഷയ്ക്കുമെതിരെ പൊരുതിയതോടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായ നർഗീസ് 13 തവണ അറസ്റ്റുചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളുടെ ഭൂരിഭാഗവും നർഗീസ് ജയിലിനകത്തും പുറത്തും ചെലവഴിച്ചു. 2021ലാണ് അവർ ഏറ്റവും അവസാനമായി തടവിലായത്. സമാധാന നോബൽ നേടുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയാണ് നർഗീസ്.