
ഹാനോയ്: രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ശതകോടീശ്വരി ട്രൂംഗ് മൈ ലാന്റെ (67) വധശിക്ഷ ശരിവച്ച് വിയറ്റ്നാം കോടതി. റിയൽ എസ്റ്റേറ്റ് വ്യവസായ പ്രമുഖയായ ലാൻ 1200 കോടി ഡോളർ തട്ടിയെന്നാണ് കേസ്. 'വാൻ തിൻ ഫാറ്റ് " എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമയായിരുന്നു ഇവർ. തട്ടിയെടുത്ത തുകയുടെ 75 ശതമാനം നൽകിയാൽ വധശിക്ഷ ജീവപര്യന്തമാക്കും.
രാജ്യത്തെ പകുതിയോളം റിയൽ എസ്റ്റേറ്റ് ഇടപാടുകളും ലാന്റെ കമ്പനിയാണ് നിയന്ത്രിച്ചിരുന്നത്. സൈഗോൾ കൊമേഴ്ഷ്യൽ ബാങ്കിൽ (എസ്.സി.ബി ) നിന്ന് ലാൻ 2012 - 2022 കാലയളവിലാണ് തുക തട്ടിയെടുത്തത്. ബാങ്കിനെ അനധികൃതമായി നിയന്ത്രിച്ച ഇവർ കൂട്ടാളികളുമായി ചേർന്ന് വായ്പകൾ നേടുകയും ബാങ്കിനെ നഷ്ടത്തിലാക്കുകയും ചെയ്തു. ഇതിന് സർക്കാർ ഉദ്യോഗസ്ഥർക്കടക്കം കൈക്കൂലി നൽകി.
ഏകദേശം 42,000 പേർ ലാന്റെ തട്ടിപ്പിനിരയായെന്നാണ് കണക്ക്. മുൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും എസ്.സി.ബി എക്സിക്യൂട്ടീവുകളും അടക്കം 85 പേരും കേസിൽ പ്രതികളാണ്. ഇവർക്ക് ജീവപര്യന്തം അടക്കം ശിക്ഷകൾ വിധിച്ചിരുന്നു. 2022ലാണ് ലാൻ അറസ്റ്റിലായത്.