
ന്യൂഡൽഹി : ദേശീയ ഫെഡറേഷനിലെ തമ്മിലടിയും വിലക്കും കാരണം 2023ൽ ഗോവയിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കിയിരുന്ന വോളിബാൾ അടുത്തവർഷമാദ്യം ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഉൾപ്പടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. ഫെഡറേഷനിലെ തർക്കം തുടരുന്നതിനാൽ ദേശീയ ചാമ്പ്യൻഷിപ്പുകൾ വോളിബാളിൽ ഈ വർഷവും നടന്നിട്ടില്ല. അതിനാൽ ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ട എട്ടു ടീമുകളെ കണ്ടെത്താനുള്ള ഫോർമുലയും ഐ.ഒ.എ തീരുമാനിച്ചു. 2022 ദേശീയ ഗെയിംസിൽ പങ്കെടുത്ത ആതിഥേയരായ ഗുജറാത്ത് ഒഴികെയുള്ള ഏഴ് ടീമുകൾക്കും ഇത്തവണത്തെ ആതിഥേയരായ ഉ ത്തരാഖണ്ഡിനുമാണ് ഇക്കുറി അവസരം. ഇവിടങ്ങളിൽ നിന്ന് അതത് സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകളും സ്റ്റേറ്റ് വോളിബാൾ അസോസിയേഷനുകളും ചേർന്ന് ടീമിനെ തിരഞ്ഞെടുത്ത് ദേശീയ ഗെയിംസിന് അയയ്ക്കണം.