accident

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്നത് രാത്രിയിലെ ആറ് മണിക്കൂറിലാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. റോഡ് അപകട മരണങ്ങളിൽ 35 ശതമാനവും നടക്കുന്നത് വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുളള സമയങ്ങളിലാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ ഈ സമയങ്ങളിൽ മാത്രം ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് 5500 പേർക്കാണ്. വൈകുന്നേര സമയങ്ങളിലാണ് റോഡുകളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിലെ അമിത വേഗമാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.

2024 ഓഗസ്റ്റ് വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ 3378 പേരാണ് റോഡപകടത്തിൽ മാത്രം മരിച്ചത്. അതിൽ 1195 പേരും മരിച്ചത് രാത്രിയിലെ ആറ് മണിക്കൂറുകൾക്കിടയിലാണ്. 2023ൽ 1448 ജീവനുകളും 2022ൽ 1531 ജീവനുകളും 2021ൽ 1244 ജീവനുകളും റോഡപകടത്തിലൂടെ നഷ്ടമായിട്ടുണ്ട്. ഈ മണിക്കൂറിൽ തന്നെ ആദ്യത്തെ മൂന്ന് മണിക്കൂർ, വൈകിട്ട് ആറ് മുതൽ രാത്രി ഒനമ്പത് വരെയുള്ള സമയത്താണ് അപകടവും മരണവും വർദ്ധിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ റോഡിൽ മരണം കാത്തിരിക്കുന്നത് ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെയുളള സമയത്താണെന്നും പൊലീസിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാണ്.

ഡ്രൈവർമാർ ഉറങ്ങിപ്പോകാൻ സാദ്ധ്യതയുള്ള അർദ്ധരാത്രിക്ക് ശേഷമുള്ള മണിക്കൂറാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നാണ് നാം പൊതുവേ കരുതാറ്. എന്നാൽ റോഡിൽ വാഹനങ്ങളുടെ തിരക്ക് ഏറ്റവും കൂടുതലുള്ളപ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ അമിതവേഗത്തിൽ പോകുന്നതാണ് വൈകിട്ട് ആറ് മുതൽ അർദ്ധരാത്രി 12 വരെയുള്ള മണിക്കൂറുകളെ മരണത്തിലേക്കുള്ള വഴിയാക്കുന്നതെന്നാണ് നിഗമനം. ഈ മണിക്കൂറുകളെ സൂക്ഷിച്ചാൽ തന്നെ നമ്മുടെ റോഡുകളിലുണ്ടാകുന്ന അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാം.

ഇങ്ങനെയുണ്ടാകുന്ന അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ അവസ്ഥയും ദയനീയമാണ്. ചിലർ ആജീവനാന്തകാലം വരെ കിടപ്പിലാകാം, മറ്റുചിലർക്ക് വർഷങ്ങളോളം ആശുപത്രികളിൽ ചികിത്സയുമായി ബന്ധപ്പെട്ട് കയറി ഇറങ്ങേണ്ട സ്ഥിതിയുമുണ്ടാകാം. ഇവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന്റെ സ്ഥിതിയും ദയനീയമാകാം. ഒരു അപകടം സംഭവിച്ചാൽ തകരുന്നത് ആ വ്യക്തിയുടെ ജീവനോ ആരോഗ്യമോ മാത്രമായിരിക്കില്ല. അവരെ ആശ്രയിച്ച് അല്ലെങ്കിൽ അവരെ പ്രതീക്ഷിച്ച് ജീവിക്കുന്നവരുടെ ഭാവി കൂടിയായിരിക്കാം.

തിങ്കളാഴ്ച ആലപ്പുഴയിലെ കളർകോട്ട് മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചതിനുശേഷമാണ് കേരളം വീണ്ടും അപകടമരണങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. അടുത്തിടെ നിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ച് പിഴ ചുമത്താൻ തുടങ്ങിയതിനുശേഷം അപകടങ്ങളുടെ നിരക്ക് കുറഞ്ഞിരുന്നുവെന്ന് ഗതാഗത വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും ആ സമയങ്ങളിൽ കർശനമായി നടപ്പിലാക്കിയിരുന്നു. അത്തരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അപകടങ്ങളുടെ നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.