
സിനിമയിൽ അധികം ആരും അറിയാതെ പോയ ചില പിന്നാമ്പുറ കഥകൾ കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾക്ക് മുൻപിൽ തുറന്നുകാട്ടുന്ന സംവിധായകനാണ് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലായ കണ്ടതും കേട്ടതിലൂടെയാണ് അദ്ദേഹം സിനിമയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. 1997ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ഗുരു എന്ന സിനിമയെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. സിനിമയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലുണ്ടായിരുന്ന കരുണാകര ഗുരുവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് അഷ്‌റഫ് വ്യക്തമാക്കിയിരിക്കുന്നത്.
'ഒരു ദിവസം സിനിമയുടെ സംവിധായകൻ രാജീവ് അഞ്ചൽ എന്നെ വിളിച്ചു. അദ്ദേഹവും ആശ്രമത്തിലെ രണ്ട് പേരും മദ്രാസിൽ വരികയാണ്. അവിടെ എന്റെ ഫ്ളാറ്റിൽ താമസിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. ഞാൻ സമ്മതം മൂളി. അതിലൊരാൾ എനിക്കറിയാവുന്ന ആലപ്പുഴയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അവർക്ക് കഴിക്കാനുളള ഭക്ഷണവും പ്രാർത്ഥിക്കാനുളള സൗകര്യവും ഞാൻ ഒരുക്കി. അവരിൽ നിന്നാണ് ഞാൻ കരുണാകര ഗുരുവിനെക്കുറിച്ച് കൂടുതൽ അറിയുന്നത്. ഗുരു എന്നാൽ ഇരുട്ടിലെ അകറ്റുന്നവൻ എന്നാണ് അർത്ഥം. അദ്ദേഹം എല്ലാ മതങ്ങളെ അംഗീകരിച്ച വ്യക്തിയായിരുന്നു.സിനിമാമേഖലയിലെ പലരും അദ്ദേഹത്തിന്റെ ആദർശങ്ങളെ പിന്തുടരുന്നവരാണ്.
രാജീവ് എന്നോട് ഗുരു എന്ന സിനിമയുടെ കഥ പറയുകയുണ്ടായി. ഇരുട്ടും പകലും എന്താണെന്ന് അറിയാത്തവരുടെ ലോകത്തേക്ക് കാഴ്ചയുളള ഒരാൾ കടന്നുവരുന്നു. അതാണ് സിനിമയുടെ കഥ. ആ വേഷത്തെ അവതരിപ്പിച്ചത് മോഹൻലാലായിരുന്നു. അവിടെ സുലഭമായി ലഭിക്കുന്ന പഴമാണ് ഇലാമ പഴം. ഒരു കുഞ്ഞ് ജനിച്ചാൽ ഇലാമ പഴത്തിന്റെ നീര് കൊടുക്കുന്നത് സാധാരണമാണ്. ഇലാമ പഴത്തിന്റെ കുരു ഉഗ്ര വിഷമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. ലാൽ പഴം കഴിക്കുന്നു. കാഴ്ചനഷ്ടപ്പെടുന്നു. ഇതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് മനസിലാക്കുന്നു. ഇലാമപഴം കഴിക്കരുതെന്ന് മോഹൻലാൽ പറഞ്ഞതോടെ രാജാവ് ശിക്ഷിക്കാൻ പറയുന്നു. പഴത്തിന്റെ കുരു കൊടുത്ത് കൊലപ്പെടുത്താൻ പറയുന്നു. അത് കഴിച്ചതോടെ മോഹൻലാലിന് കാഴ്ച തിരികെ ലഭിക്കുന്നു. ഇലാമപഴത്തിന്റെ കുരു കഴിച്ചാൽ കാഴ്ച കിട്ടുമെന്ന് മോഹൻലാൽ പറയുന്നു. ഒടുവിൽ ജനങ്ങൾക്ക് കാഴ്ച ലഭിക്കുന്നു. ഇതാണ് കഥ.

സിനിമയ്ക്ക് ഒരു ഗുണപാഠമുണ്ട്. അറിവ് നമുക്ക് എവിടെ നിന്ന് വേണമെങ്കിലും ലഭിക്കാം, പക്ഷെ തിരിച്ചറിവ് അനുഭവത്തിലൂടെയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. ഓസ്‌കാർ നോമിനേഷനും ലഭിച്ചു. സിനിമ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരുന്നപ്പോൾ തന്നെ സംവിധായകൻ എന്നോട് പല ഭാഷകളിലേക്ക് മൊഴി മാറ്റാമോയെന്ന് ചോദിച്ചു. ഞാൻ സമ്മതം മൂളി. അതിനുവേണ്ടി കരുണാകര ഗുരുവുമായി കുറച്ച് കാര്യങ്ങൾ സംസാരിക്കേണ്ടതുണ്ടെന്നും എന്നോട് ശാന്തിഗിരിയിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രമത്തിൽ എത്തിയപ്പോൾ അവിടെയുളളവർ എന്നെ ഫലത്തോട്ടങ്ങളും ഗോശാലകളും ജലസംഭരണികളും കാണിച്ച് തന്നു. ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച. അങ്ങനെ ഗുരുവിനെ പർണശാലയിൽ വച്ച് കണ്ടു. അദ്ദേഹം എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ ഉത്തരം കൊടുത്തു. കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തിറങ്ങി. ശേഷം ഗുരു എന്നെ ചൂണ്ടിക്കാണിച്ച് സിനിമയുടെ നിർമാതാവിനോട് പറഞ്ഞു. ഞാൻ പറയുന്നതനുസരിച്ച് എല്ലാം ചെയ്‌തോളുവെന്നാണ് ഗുരു അവരോട് പറഞ്ഞത്. പക്ഷെ പുറത്തിറങ്ങിയതോടെ നിർമാതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. അങ്ങനെ ആ പ്രോജക്ട് നടന്നില്ല. ഗുരു പറഞ്ഞത് അവർ അനുസരിച്ചിരുന്നെങ്കിൽ ആ സിനിമ ഇന്ത്യ മുഴുവൻ അറിയപ്പെടുമായിരുന്നു.
ഞാൻ രണ്ടര മണിക്കൂറോളം ഗുരുവുമായി സംസാരിച്ചത് പലർക്കും അത്ഭുതമായിരുന്നു. കാരണം ഗുരു അധികം സമയം ആരോടും സംസാരിക്കില്ല. ചിത്രത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഞാൻ രാജീവിനെ കണ്ടു. സിനിമ വീണ്ടും റീറിലീസിന് ഒരുങ്ങുകയാണ്. അങ്ങനെ സംഭവിക്കുന്നത് ചിലപ്പോൾ കരുണാകര ഗുരുവിന്റെ അനുഗ്രഹം കൊണ്ടായിരിക്കും'- അഷ്‌റഫ് പറഞ്ഞു.