
തിരുവനന്തപുരം:കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ തസ്തികയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സീനിയർ മോസ്റ്റ് ജില്ലാ ജഡ്ജിക്ക് അർഹതപ്പെട്ട നിയമനം നിഷേധിച്ചതായി വിമർശനമുയർന്നു.അദ്ദേഹത്തെക്കാൾ ഏറെ ജൂനിയറും,മുന്നാക്ക വിഭാഗക്കാരനുമായ ജില്ലാ ജഡ്ജിയെ പകരം ഈ സ്ഥാനത്ത് നിയമിച്ചതായി പിന്നാക്ക ക്ഷേമ പ്രവർത്തനം നടത്തുന്ന സംഘടന പ്രസ്താവനയിൽ ആരോപിച്ചു.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ തസ്തികയിൽ സാധാരണ ഗതിയിൽ സീനിയർ മോസ്റ്റ് ജില്ലാ ജഡ്ജിയാണ് നിയമിക്കപ്പെടാറുള്ളത്.നിയമനം നടത്തുന്നതും ഹൈക്കോടതിയാണ്.നിലവിലെ സെലക്ഷൻ ഗ്രേഡ് ജില്ലാ സെഷൻസ് ജഡ്ജിമാരിൽ ഏറ്റവും സീനിയർ,സീനിയോറിട്ടി ലിസ്റ്റിൽ ഇരുപത്തിയഞ്ചാം സ്ഥാനത്തുള്ള ആലപ്പുഴ അഡിഷണൽ ജില്ലാ ജഡ്ജി പി.എസ്.ശശി കുമാറാണ്.ലിസ്റ്റിൽ ഇരുപത്തി നാലാം സ്ഥാനത്തുള്ള പി.വി.ബാലകൃഷ്ണന് ഹൈക്കോടതി ജഡ്ജിയായി നേരത്തെ നിയമനം ലഭിച്ചിരുന്നു.അടുത്ത രജിസ്ട്രാർ ജനറൽ നിയമനം സ്വാഭാവികമായും ലഭിക്കേണ്ടത് പി.എസ്.ശശികുമാറിനാണ്. പട്ടിക ജാതിയിൽപ്പെട്ട അദ്ദേഹത്തെ തഴഞ്ഞ്, സീനിയോറിട്ടി ലിസ്റ്റിൽ അമ്പത്തി രണ്ടാം സ്ഥാനത്തുള്ള മുന്നാക്കക്കാരനായ കോട്ടയം അഡിഷണൽ ജില്ലാ ജഡ്ജി ജി.ഗോപകുമാറിനെയാണ് നിയമിച്ചതെന്നാണ് പരാതി.
രജിസ്ട്രാർ ജനറലായി നിയമിക്കപ്പെടുന്നയാൾക്ക് അടുത്ത ഹൈക്കോടതി ജഡ്ജി നിയമനത്തിൽ മുൻഗണന ലഭിക്കും.ജില്ലാ ജഡ്ജിയുടെ വിരമിക്കൽ പ്രായം 60ഉം, ഹൈക്കോടതി ജഡ്ജിയുടേത് 62ഉം,സുപ്രീം കോടതി ജഡ്ജിയുടേത് 65ഉം ആണ്.
പ്രതിഷേധാർഹമെന്ന്
പട്ടിക വിഭാഗത്തിൽപ്പെട്ട സീനിയർ മോസ്റ്റ് ജില്ലാ ജഡ്ജിക്ക് അർഹമായ രജിസ്ട്രാർ ജനറൽ പദവി നിഷേധിച്ചത്
പ്രതിഷേധാർഹമാണെന്ന് ഓൾ ഇന്ത്യ മോസ്റ്റ് ബാക്ക്വേഡ് ക്ളാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.ആർ.
ജോഷി പ്രസ്താവനയിൽ പറഞ്ഞു.ഉന്നത ജുഡിഷ്യറിയിലും സംവരണം വ്യവസ്ഥ ചെയ്യേണ്ടതിന്റെ അനിവാര്യതയാണ്
ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
.