
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. ചർച്ച പോസിറ്റീവായിരുന്നെന്ന് കെ റെയിൽ എംഡി അജിത് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ റെയിൽ എംഡി അജിത് കുമാർ ചർച്ച നടത്തിയത്. 45 മിനിട്ടാണ് ഇവരുവരും തമ്മിലുള്ള ചർച്ച നീണ്ടത്.
ഇപ്പോൾ നടന്നത് പ്രാഥമിക ചർച്ചയായിരുന്നു എന്നാണ് അജിത് കുമാർ പ്രതികരിച്ചത്. ഇതോടെ സിൽവർ ലൈൻ പദ്ധതിയിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് വ്യക്തമായി. റെയിൽവേ മുന്നോട്ടുവച്ചിരിക്കുന്ന ഡിപിആറുമായി ബന്ധപ്പെട്ട് തുടർ ചർച്ചകൾക്ക് കെ റെയിൽ തയ്യാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
വന്ദേഭാരത് കൂടി ഓടിക്കാവുന്ന ബ്രോഡ്‌ഗേജ് പാത വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം ഉൾക്കൊണ്ട് ഡിപിആറിലും മാറ്റം വരുത്തിയേക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിൽവർലൈൻ ട്രെയിനുകൾ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ, മറ്റ് വേഗമേറിയ ട്രെയിനുകളും ചരക്ക് ഗതാഗതവും സാദ്ധ്യമാക്കുന്ന ലൈനാകണമെന്നാണ് റെയിൽവേ നിർദേശം. സിൽവർ ലൈൻ ഡിപിആർ പ്രകാരം നിലവിൽ വിഭാവനം ചെയ്‌തിരിക്കുന്നത് സ്റ്റാൻഡേർഡ് ഗേജാണ്. എന്നാൽ, ഡിപിആറിൽ മാറ്റം വരുത്തി ബ്രോഡ്‌ഗേജ് ആക്കണമെന്നാണ് റെയിൽവേ പറയുന്നത്.