
നടി മെറീന മൈക്കിൾ - പേളി മാണി വിവാദം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ മെറീന പറഞ്ഞ ചില കാര്യങ്ങളും അതിന് പേളി നൽകിയ മറുപടിയുമൊക്കെയാണ് സംഭവം വിവാദമാകാൻ കാരണം.
താൻ സിനിമകൾ ചെയ്തു തുടങ്ങിയ സമയത്ത് ഒരു ചാനൽ അഭിമുഖത്തിന് വിളിച്ചു. എന്നാൽ അത് ക്യാൻസൽ ചെയ്തുകൊണ്ടിരുന്നു. മൂന്നാം തവണയും വിളിച്ചപ്പോൾ ഇനിയും ക്യാൻസൽ ചെയ്താൽ തനിക്ക് നാണക്കേടാണെന്നൊക്കെ പറഞ്ഞു. ഒടുവിൽ അഭിമുഖത്തിന് ചെന്നു. എന്നാൽ അതുവരെ ഷോ അവതരിപ്പിച്ച ആളായിരുന്നില്ല അവതാരക. താനാണ് അതിഥി എന്ന് പറഞ്ഞപ്പോൾ മുമ്പത്തെ അവതാരക പിന്മാറിയെന്നായിരുന്നുവെന്ന് അവിടെയുള്ളയാൾ പറഞ്ഞു.
ആ അവതാരകയുടെ പേര് മെറീന പറഞ്ഞിരുന്നില്ല. എന്നിരുന്നാലും ഞങ്ങളെ കാണാൻ ഏകദേശം ഒരുപോലെയാണെന്നും, അവർ ഇപ്പോൾ മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നുണ്ടെന്നും മെറീന പറഞ്ഞിരുന്നു. ഇത് പേളിയെ ഉദ്ദേശിച്ചാണെന്ന് കമന്റുകൾ വന്നിരുന്നു. ഇതിനുപിന്നാലെ മെറീന പറഞ്ഞത് സത്യമല്ലെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വിശദീകരിച്ചുകൊണ്ട് പേളി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെ മെറീനയ്‌ക്കെതിരെ സൈബർ ആക്രമണവുമുണ്ടായി. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പേളി തന്നെ വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെറീന. മറ്റൊരാളുടെ ഫോണിൽ നിന്നാണ് പേളി വിളിച്ചത്. അവരുടെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ താൻ ചോദിച്ച ചില കാര്യങ്ങൾക്ക് പേളിക്ക് മറുപടിയുണ്ടായിരുന്നില്ലെന്നും മെറീന വ്യക്തമാക്കി. പലതും വെളിപ്പെടുത്തുമ്പോൾ ഇത്തരം തെറിവിളികൾ ഉണ്ടാകാറുണ്ടെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.