food

പാചകത്തിനായി അടുക്കളയിൽ ഏറെനേരം ചെലവഴിക്കുന്നവരാണ് പലരും. ജോലിക്ക് പോകുന്നവർക്ക് അടുക്കളപ്പണി എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില ടിപ്‌സ് ഉണ്ട്. ഇതിലൂടെ ഇപ്പോൾ ചെലവാക്കുന്നതിന്റെ പകുതി സമയത്തിനുള്ളിൽ നിങ്ങൾക്ക് ജോലികൾ തീർക്കാൻ സാധിക്കും. ഈ ടിപ്‌സ് എന്തൊക്കെയെന്ന് നോക്കാം.

1. കാബേജ് അരിയുന്നത് വളരെയേറെ സമയം വേണ്ടിവരുന്ന ജോലിയാണ്. ഇത് എളുപ്പത്തിലാക്കാൻ പലരും വെജിറ്റബിൾ കട്ടർ ഉപയോഗിക്കാറുണ്ടെങ്കിലും കൃത്യമായ അളവിൽ മുറിച്ച് കിട്ടില്ല. അതിനാൽ, കാബേജ് എട്ട് കഷ്‌ണങ്ങളാക്കി മുറിച്ച് മിക്‌സിയിൽ അടിച്ചെടുത്താൽ മതി. ഒരുപാട് അരഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കാബേജ് പെട്ടെന്ന് വെന്തുകിട്ടാനും സഹായിക്കും.

2. പപ്പടം എണ്ണയിൽ പൊരിച്ച് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാൽ, അമിതമായ രക്തസമ്മർദം പോലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരോട് പപ്പടം കഴിക്കരുതെന്നാണ് ഡോക്‌ടർമാർ പോലും പറയുന്നത്. ഇങ്ങനെയുള്ളവർക്ക് എണ്ണയില്ലാതെ പപ്പടം പൊള്ളിച്ചെടുക്കാം. അതിനായി, മൈക്രോവേവ് ഓവനിൽ വയ്‌ക്കാം. മിനിട്ടുകൾകൊണ്ടുതന്നെ പപ്പടം പൊള്ളിക്കിട്ടുന്നതാണ്. മൈക്രോവേവ് ഓവൻ ഇല്ലാത്ത വീടുകളിൽ ഒരു പാത്രത്തിൽ 5 ടേബിൾസ്‌പൂൺ ഉപ്പിട്ട് ചൂടാക്കിയ ശേഷം അതിന് മുകളിലേക്ക് പപ്പടം ഇട്ട് ചൂടാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോഴും ഒരു തരി എണ്ണ പോലും ആവശ്യമായി വരുന്നില്ല.