shemeena

കാസർകോട്: പൂച്ചക്കാട്ട് പ്രവാസി വ്യവസായി എംസി അബ്‌ദുൾ ഗഫൂർ ഹാജിയുടെ (55) മരണം കൊലപാതകമെന്ന് തെളിഞ്ഞത് നീണ്ട ഒന്നര വർഷത്തെ അന്വേഷണത്തിന് ശേഷം. ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തിലും വീട്ടിൽ നിന്ന് 596 പവൻ സ്വർണം കാണാതെ പോയതിലും നിരവധി സംശയങ്ങൾ നേരത്തേ ഉയർന്നിരുന്നു.

മരണത്തിൽ മന്ത്രവാദിനിയായ ജിന്നുമ്മ എന്ന ഷെമീനയെ ചുറ്റിപ്പറ്റിയായിരുന്നു ആരോപണങ്ങൾ ഉയർന്നിരുന്നത്. ഗഫൂർ ഹാജിയുടെ മരണത്തിൽ ഈ യുവതിക്ക് പങ്കുണ്ടെന്ന് കുടുംബവും കർമസമിതിയും പരാതിപ്പെട്ടിരുന്നു. ഒടുവിൽ മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ശേഷം കൃത്യമായ തെളിവുകൾ സഹിതമാണ് പൊലീസ് ജിന്നുമ്മ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടിയത്. സ്വർണം കൈക്കലാക്കിയ ശേഷമാണ് പ്രതികൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന ഉബൈസ് (38) ആണ് കേസിലെ ഒന്നാം പ്രതി. ഉബൈസിന്റെ ഭാര്യയും ജിന്നുമ്മയെന്ന് അറിയപ്പെടുന്ന മന്ത്രവാദിനിയുമായ ഷെമീന (38) കേസിലെ രണ്ടാം പ്രതിയാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട അസ്‌നീഫ (34), വിദ്യാനഗര്‍ സ്വദേശിനി ആയിഷ (40) എന്നിവരാണ് കേസിലെ മൂന്നും നാലും പ്രതികള്‍. ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ സംഘം ഗഫൂര്‍ ഹാജിയെ തലയില്‍ പ്രത്യേക വസ്ത്രം ധരിപ്പിച്ച ശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഗഫൂർ ഹാജിയും പ്രതികളും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് മുമ്പ് പത്ത് ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഗഫൂർ ഹാജിയിൽ നിന്നും പ്രതികൾ കൈക്കലാക്കിയെന്ന് ഇതിലൂടെ കണ്ടെത്തി. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ കുടുംബപശ്ചാത്തലം അടക്കമുള്ള സകലവിവരങ്ങളും ആദ്യമേ ശേഖരിക്കും. ശേഷം ജിന്നുമ്മയുടെ സവിശേഷതകള്‍ ഇവരെ അറിയിക്കാനാകും ശ്രമം. കാസർകോട് ജില്ലയിലെ നിരവധിപേർ ഇവരുടെ തട്ടിപ്പിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സ്വർണനിറമുള്ള കടലാസില്‍ അറബി മന്ത്രം എഴുതിയുള്ള തകിടിന് 55,000 രൂപയാണ് മന്ത്രവാദിനിയായ ജിന്നുമ്മ ഈടാക്കിയിരുന്നത്. ഇതിന് പുറമേ കൂടോത്രം കുഴിച്ചെടുക്കലും തകിട് കുഴിച്ചിടലുമെല്ലാം ഉണ്ട്. അർദ്ധരാത്രിയാണ് ഇതെല്ലാം ചെയ്‌തിരുന്നത്. ഈ സമയം ജിന്നുമ്മ 'പാത്തൂട്ടി'യായി ഉറഞ്ഞുതുള്ളും. മലയാളം സംസാരിക്കുന്ന കർണാടകക്കാരിയാണ് പാത്തൂട്ടിയെന്നും അവരുടെ ആത്മാവ് ജിന്നുമ്മയുടെ ശരീരത്തിൽ പ്രവേശിച്ചെന്നും വിശ്വസിപ്പിക്കും. പരിഹാരക്രിയകൾ നിർദേശിക്കുകയും ഒപ്പം സ്വർണവും പണവും കൈക്കലാക്കുകയും ചെയ്യും. തട്ടിപ്പിനിരയാകുന്നവരെല്ലാം സമൂഹത്തിൽ അറിയപ്പെടുന്നവരായതിനാൽ ആരും പരാതി നൽകാറില്ല. ഇതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം.