d

ഇൻഡോർ: പുരുഷ ട്വന്റി-20യിലെ റെക്കാഡ് ടീം ടോട്ടൽ കുറിച്ച് ബറോഡ. സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്നലെ സി‌ക്കിമിനെതിരെ ആദ്യം ബാറ്റ് ചെയ്താണ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 349 റൺസെന്ന ചരിത്ര ടോട്ടൽ കുറിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നെയ്‌റോബിയിൽ സിംബാബ്‌വെ ഗാംബിയക്കെതിരെ നേടിയ 344/4 എന്ന റെക്കാഡ് ടോട്ടലിന്റെ റെക്കാഡാണ് ബറോഡ പഴങ്കഥയാക്കിയത്. 37സിക്സുകളാണ് ബറോഡ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഇതും റെക്കാഡാണ്.

മറുപടിക്കിറങ്ങിയ സിക്കിമിന് 20 ഓവറിൽ 7വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

263 റൺസിന്റെ കൂറ്റൻ ജയവും ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ബറോഡ സ്വന്തമാക്കി.51 പന്തിൽ 15 സിക്സും 5 ഫോറും ഉൾപ്പെടെ 135 റൺസുമായി പുറത്താകാതെ നിന്ന ഭാനു പൂനിയയാണ് ബറോഡയുടെ മുന്നണിപ്പരോളി. ശിവാലിക്ക് ശർമ്മ ( 17 പന്തിൽ 55), വിഷ്ണു സോളങ്കി (16 പന്തിൽ 50), അഭിമന്യുസിംഗ് രാജ്‌പുത്ത് (17 പന്തിൽ 53), ഷഷ്‌വത് റാവത്ത് (16 പന്തിൽ 43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സിക്കിമിന്റെ റോഷൻ കുമാർ 4 ഓവറിൽ 81 റൺസ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്‌ത്തിയത്. ലീ യംഗ് ലപ്‌ച്ച 2 ഓവറിൽ 55 റൺസ് നൽകി. മറുപടിക്കിറങ്ങിയ സിക്കിം ബാറ്റർമാരിൽ 20 റൺസെടുത്ത റോബിൻ ലിംപൂവാണ് ടോപ് സ്കോറർ.