pic

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവനും നോബൽ ജേതാവുമായ മുഹമ്മദ് യൂനുസിനെതിരെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. യൂനുസ് 'വംശഹത്യ' നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. ന്യൂയോർക്കിൽ നടന്ന പൊതുപരിപാടിയെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

എന്തിനു വേണ്ടിയാണ് ന്യൂനപക്ഷങ്ങളെ ക്രൂരമായി ആക്രമിക്കുന്നത്. അക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ ബംഗ്ലാദേശ് വിട്ടത്. അത് നടന്നില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് അവർ വംശഹത്യ നടപ്പാക്കുന്നത്. വിദ്യാർത്ഥി കോ - ഓർഡിനേ​റ്റർമാരും യൂനുസുമാണ് ഇതിന് പിന്നിൽ.- ഹസീന പറഞ്ഞു. 

തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഹസീന അവകാശപ്പെട്ടു. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഹസീന ഒരു പൊതുപരിപാടിയിയെ അഭിസംബോധന ചെയ്തത്.

 ഹസീനയുടെ പ്രസംഗത്തിന് വിലക്ക്

ഷെയ്ഖ് ഹസീനയുടെ 'വിദ്വേഷ പ്രസംഗങ്ങൾ" സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ (ഐ.സി.ടി)​. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിലെ പങ്ക് ആരോപിച്ച് ഐ.സി.ടി ഹസീനക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേ സമയം, ഹസീനയുടെ ഏതൊക്കെ പ്രസംഗങ്ങളാണ് വിദ്വേഷം നിറഞ്ഞതെന്നോ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നോ വ്യക്തമല്ല.