
ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ത്ഥയിലുള്ള ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയതില്‍ ഒരെണ്ണം കേരളത്തിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളമാണ്. ലക്‌നൗ, അഹമ്മദാബാദ്, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി എന്നിവയാണ് മറ്റ് വിമാനത്താവളങ്ങള്‍.
രണ്ട് വിമാനത്താവളങ്ങള്‍ ഒരേ സ്ഥാപനത്തിന് നല്‍കേണ്ടതില്ലെന്നായിരുന്നു നീതി ആയോഗിന്റെയും സാമ്പത്തിക കാര്യ വകുപ്പിന്റെയും നിലപാടെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി സഗൗത റോയ് വിമര്‍ശിച്ചു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും സുതാര്യമായ പ്രക്രിയയിലൂടെയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കിയതെന്നുമാണ് കേന്ദ്ര മന്ത്രി തിരിച്ചടിച്ചത്. ആരോപണങ്ങള്‍ മാത്രമായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് ആണ് നിലവില്‍ സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്‍. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുമ്പോള്‍ അതില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളവും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപ്പ് തന്നെയാണ് ഈ വിമാനത്താവളവും ഏറ്റെടുത്ത് നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നതെന്നാണ് സൂചന.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദാനിക്ക് കഴിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്നാണ് വിമാനത്താവളം അദാനിക്ക് കൈമാറിയത്. ഇതിന് ശേഷം വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ നല്ല രീതിയിലാണ് സംസ്ഥാന സര്‍ക്കാരും അദാനിയും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കേണ്ടിവരികയാണെങ്കില്‍ വലിയ തടസങ്ങളുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
രാജ്യത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കൂടുതല്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള 25 വിമാനത്താവളങ്ങള്‍ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുമെന്നാണ് സൂചനകള്‍. 2025 ഓടെ ഇത് പ്രാബല്യത്തിലാക്കുമെന്നാണ് ഒരു വര്‍ഷം മുമ്പ് അന്നത്തെ വ്യോമയാന സഹമന്ത്രി വി.കെ.സിംഗ് രാജ്യസഭയില്‍ പറഞ്ഞത്.