
മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പൊട്ടൽ തുടങ്ങി കേശസംബന്ധിയായ പലവിധ പ്രശ്നങ്ങളും ഉണ്ടെങ്കിലും ആൾക്കാർക്ക് ഏറ്റവും വിഷമം സൃഷ്ടിക്കുന്ന ഒന്നാണ് നര. അകാലനരയാണ് ചെറുപ്പക്കാരിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് മാനസികമായും ചിലരെ ബാധിക്കുന്നു. ജോലിസ്ഥലത്തെ സ്ട്രെസും ഉറക്കകുറവും ഭക്ഷണരീതിയും അകാലനരയ്ക്ക് കാരണമാകാം. ജനിതകപരമായ കാരണങ്ങളും അകാലനരയ്ക്ക് ഇടയാക്കുന്നു.
ഭൂരിഭാഗം ആളുകളും നരയകറ്റാൻ ആശ്രയിക്കുന്നത് കൃത്രിമ മാർഗങ്ങളെയാണ്. പ്രത്യേകിച്ചും കെമിക്കൽ കലർന്ന ഹെയർ ഡൈയെ. ഉയർന്ന ചെലവിനൊപ്പം ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. എന്നാൽ പ്രകൃതി ദത്തമായ ചേരുവകൾ ഉപയോഗിച്ചാൽ നര പാടേ മാറ്റാനും മുടി കറുപ്പിക്കാനും കഴിയും.
ഇതിനായി ഉപയോഗിക്കുന്നതിൽ പ്രധാനമാണ് നീലയമരിയും മൈലാഞ്ചിയും. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കുന്നത് കൊണ്ടുതന്നെ എളുപ്പത്തിൽ തയ്യാറാക്കാനും കഴിയും. നീലയമരി കിട്ടാൻ ബുദ്ധിമുട്ടെങ്കിൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആയുർവേദ കടകളിൽ നിന്നും പൊടിരൂപത്തിൽ വാങ്ങിയാലും മതി. ഈ പ്രകൃതി ദത്ത ഡൈ തയ്യാറാക്കുന്നത് രണ്ട് ഘട്ടങ്ങളായാണ്. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്പൂൺ തേയില ഇട്ട് തിളിപ്പിക്കണം. അതിന് ശേഷം ഇതിലേക്ക് മൈലാഞ്ചിയുടെ പൊടി ചേർക്കുക. ഇതിനൊപ്പം മുട്ടയും ചെറുനാരങ്ങാനീരും കൂടി ചേർക്കുന്നതും നല്ലതാണ്.
ഈ മിശ്രിതം തയ്യാറാക്കി നാലുമണിക്കൂർ കഴിഞ്ഞ് മുടിയിൽ തേച്ചുപിടിപ്പിക്കാം. ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ മുടി ബ്രൗൺ കളറിലേക്ക് മാറും. രണ്ടാം ഘട്ടം തുടങ്ങേണ്ടത് ഒരു ദിവസത്തിന് ശേഷമാണ്. ഇതിനായി നേരത്തെ ചെയ്തതു പോലെ തേയില തിളപ്പിച്ച ശേഷം അതിലേക്ക് നീലയമരി പൊടി ചേർക്കണം. പത്ത് മിനിട്ട് കൊണ്ട് ഇത് കറുപ്പായി മാറും. അതിന് ശേഷം ഇത് മുടിയിൽ തേച്ചുപിടിപ്പിക്കാം. മൂന്നുമണിക്കൂർ ഇത് മുടിയിൽ നിലനിറുത്തണം. ശേഷം വെറും വെള്ളത്തിൽ മുടി കഴുകാം, മുടി കറുത്ത് തിളങ്ങുന്നത് കാണാം. ഒരു കാരണവശാലും മുടി കഴുകാൻ ഷാംപൂവോ സോപ്പോ ഉപയോഗിക്കരുത്.