indigo

ഗുഡ്ഗാവ്: ഇന്‍ഡിഗോ വിമാനത്തിലെ യാത്ര തന്റെ ജീവിതത്തിലുണ്ടാക്കിയ ഏറ്റവും വലിയ ദുരന്തം വെളിപ്പെടുത്തി യുവാവ്. വിമാനത്തിലെ റാമ്പില്‍ നിന്ന് വഴുതി വീണ തനിക്ക് ഇനി ശരിക്കൊന്ന് നടക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും കഴിയുമെന്നാണ് ഗുഡ്ഗാവ് സ്വദേശിയായരത്‌നേന്ദു റേ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ചെന്നൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്‌ക്കൊടുവിലാണ് അപകടം സംഭവിച്ചതെന്ന് യുവാവ് പറയുന്നു.

വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ താന്‍ റാമ്പില്‍ വഴുതി വീഴുകയും കണങ്കാല് തകരുകയുമായിരുന്നു. റാമ്പില്‍ വെള്ളത്തിന്റെ ഈര്‍പ്പമുണ്ടായിരുന്നു, ഇതാണ് അപകടത്തിന് കാരണമായത്. ന്യൂഡല്‍ഹിയിലെ ടെര്‍മിനല്‍ 2വില്‍ വെച്ചാണ് അപകടമുണ്ടായത്. എയറോബ്രിഡ്ജ് നല്‍കിയിരുന്നില്ല, പകരം എല്ലാവരോടും അവരുടെ റാമ്പുകള്‍ ഉപയോഗിച്ച് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഈര്‍പ്പം കാരണം പാതിവഴിയെത്തിയപ്പോള്‍ തന്റെ വലതു കാല്‍ റാമ്പിലെ ഈര്‍പ്പമുള്ള ഭാഗത്തേക്ക് വഴുതി താഴെ വീണു.

കണങ്കാല്‍ ഒടിയുകയോ സ്ഥാനം മാറുകയോ ചെയ്തതായി അപ്പോള്‍ തന്നെ തനിക്ക് തോന്നിയതായും അദ്ദേഹം കുറിച്ചു. സഹയാത്രികരുടെ സഹായത്തോടെയാണ് താന്‍ അവിടെ നിന്നും എഴുന്നേറ്റത്. ആ അപകടത്തിന് ശേഷമുള്ള വളഞ്ഞിരിക്കുന്ന കാലിന്റെ ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്. വിമാനക്കമ്പനി ജീവനക്കാര്‍ എത്തി ടെര്‍മിനലിലെ ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിശോധിച്ച ശേഷമാണ് കണങ്കാല്‍ തകര്‍ന്നുവെന്ന് മനസ്സിലായത്.

എയര്‍സേവ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്‌തെങ്കിലും മറ്റാരും വഴുതി വീണിട്ടില്ലാത്തതിനാല്‍ റാമ്പ് നനഞ്ഞിരുന്നില്ലെന്നും താന്‍ വഴുതി വീണതാണെന്നുമായിരുന്നു ഇന്‍ഡിഗോയുടെ പ്രതികരണം. ഇത് തനിക്ക് അപമാനമായി തോന്നിയെന്നു അദ്ദേഹം കുറിച്ചു. വലത് കണങ്കാലില്‍ ഒരു പ്ലേറ്റും രണ്ട് സ്‌ക്രൂവും ശസ്ത്രക്രിയ നടത്തിയ പാടുകളും യുവാവ് പങ്കുവെച്ച ചിത്രങ്ങളില്‍ കാണാനാകും. രത്‌നേന്ദു റേയുടെ വാദം നിഷേധിക്കുകയാണ് ഇന്‍ഡിഗോ. യുവാവിന് ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ചെയ്തുവെന്നും വിമാനക്കമ്പനി പറയുന്നു.