cash

കോട്ടയം : മഴക്കാലത്ത് ടാപ്പിംഗ് നിലച്ച് ഉത്പാദനം കുറഞ്ഞിട്ടും റബർവില ഇടിക്കാനുള്ള ടയർലോബിയുടെ കളി വിപണിയിൽ നിന്ന് വിട്ടുനിന്ന് കർഷക കൂട്ടായ്മ പൊളിച്ചതോടെ വില 200 ലേക്ക് അടുക്കുന്നു. ലാറ്റക്സ്, ഒട്ടുപാൽ വിലയിലും വർദ്ധനവുണ്ട്.

ഉത്പാദന ചെലവായ 200 രൂപ ലഭിക്കും വരെ വിപണി ബഹിഷ്കരിക്കാൻ റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. ഷീറ്റ് വില 255 ൽ നിന്ന് 164 ലേക്ക് നിലംപൊത്തിയതോടെയായിരുന്നു ഈ നീക്കം. റബർബോർഡ് വില 199 ൽ എത്തിയതോടെ 200 രൂപയ്ക്ക് മുകളിൽ കച്ചവടം നടന്നു. ഷീറ്റ് ഉത്പാദന ചെലവ് കൂടിയതോടെ കർഷകർ ലാറ്റക്സിലേക്ക് തിരിഞ്ഞിരുന്നു. ഇത് പ്രോത്സാഹിപ്പിക്കാതെ എല്ലാവരും ഷീറ്റിലേക്ക് മാറണമെന്ന് റബർബോർഡ് നിർദ്ദശം. എന്നാൽ ഷീറ്റിന് ഉയർന്ന വില നിശ്ചയിക്കുന്നതിന് വ്യാപാരികളിൽ സമ്മർദ്ദം ചെലുത്തുന്നില്ല. കാലാവസ്ഥാ വ്യതിയാനം കാരണം ഉത്പാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വില കയറിയതാണ് ആഭ്യന്തര വില വർദ്ധനവിനും കാരണം.

വിലവർദ്ധനവിന്റെ നേട്ടം ചെറുകിട കർഷകനില്ല

വ്യാപാരികൾ ബോർഡ് വിലയിലും എട്ടു രൂപ കുറച്ച് ചരക്ക് എടുക്കുന്നതിനാൽ വില വർദ്ധനവിന്റെ നേട്ടം ചെറുകിട കർഷകർക്കില്ല. വ്യാപാരി വിലയും റബർബോർഡ് വിലയും തമ്മിൽ അഞ്ചുരൂപയുടെ വ്യത്യാസം സമീപ ദിവസങ്ങളിലാണ് എട്ടായത്. വ്യാപാരികളുടെ ചൂഷണത്തിന് ബോർഡും കൂട്ടുനിൽക്കുകയാണെന്നാണ് പരാതി. മേൽത്തരം ഷീറ്റ് ചെറുകിട കർഷകർ നൽകാൻ തയ്യാറാകാത്തതാണ് വില വ്യത്യാസത്തിനു കാരണമെന്ന് റബർബോർഡും പറയുന്നു.

വില 200ൽ എത്താതിരുന്നതിനാൽ സബ്സിഡി കർഷകർക്ക് ലഭിച്ചിരുന്നില്ല.

''

റബർ വില വർദ്ധിക്കാൻ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി നികുതി 70 ശതമാനമാക്കണം. കർഷകർക്ക് പ്രത്യേക ആശ്വാസ പാക്കേജ് വേണം. റബർ മൂല്യവർദ്ധിത ഉത്പപന്നമാക്കാൻ കേന്ദ്രസർക്കാർ സഹായം അനുവദിക്കണം.

ഫ്രാൻസിസ് ജോർജ് എം.പി