ration-shop

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ റേഷന്‍ കടകളില്‍ പച്ചരി കിട്ടാക്കനിയായി. ഓണത്തിന് ശേഷം ഒരിക്കല്‍ പോലും കരുനാഗപ്പള്ളിയിലെ റേഷന്‍ കടകളില്‍ റേഷന്‍ പച്ചരി എത്തിയിട്ടില്ല. പച്ചരിക്കായി റേഷന്‍ കാര്‍ഡ് ഉടമകള്‍ ദിവസവും റേഷന്‍ കടകള്‍ കയറി ഇറങ്ങുകയാണ്. റേഷന്‍ കടകളില്‍ പച്ചരി കിട്ടാതായതോടെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ പച്ചരിയുടെ വില 45 രൂപയായി ഉയര്‍ന്നു. സാധാരണക്കാര്‍ക്ക് പച്ചരി അപ്രാപ്യമായി മാറുകയാണ്. ബി.പി.എല്‍, എന്‍.പി.എസ്, എന്‍.പി.എന്‍.എസ് എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് പോലും റേഷന്‍ കടകളില്‍ നിന്ന് പച്ചരി ലഭിക്കുന്നില്ല.

എന്‍.പി.എസ് 4 രൂപ

എന്‍.പി.എന്‍.എസ് 10.90 രൂപ

ഓപ്പണ്‍ മാര്‍ക്കറ്റില്‍ 45 രൂപ

സപ്ലൈ ഓഫീസ് അധികൃതുടെ അനാസ്ഥ

ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് പച്ചരി പൂര്‍ണമായും സൗജന്യമാണ്. എന്‍.പി.എസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പച്ചരി കിലോഗ്രാമിന് 4 രൂപയും എന്‍.പി.എന്‍.എസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 10.90 രൂപ നിരക്കിലുമാണ് റേഷന്‍ കടകളില്‍ നിന്ന് പച്ചരി ലഭിച്ചിരുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ പച്ചരി ലഭ്യമാകുന്നത്. കരുനാഗപ്പള്ളി, താലൂക്കിലെ റേഷന്‍ കടകളിലേക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കുന്നത് കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണില്‍ നിന്നാണ്. ഗോഡൗണില്‍ ആവശ്യത്തിന് പച്ചരി സ്റ്റോക്ക് ഉണ്ടെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇവിടെ നിന്ന് പച്ചരി എടുത്ത് റേഷന്‍ കടകള്‍ക്ക് നല്‍കുന്നതില്‍ ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു.

കടകളില്‍ സ്റ്റോക്ക് വര്‍ദ്ധനവ്

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചരി ലഭ്യമല്ലെങ്കില്‍ നാടന്‍ പച്ചരി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ക്ക് സ്വീകരിക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു നീക്കവും ഉന്നതങ്ങളില്‍ ഉള്ളവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് തികച്ചും ഖേദകരമാണ്. കരുനാഗപ്പള്ളി താലൂക്കില്‍ മൊത്തം 258 റേഷന്‍ കടകളാണ് ഉള്ളത്. റേഷന്‍ കടകളില്‍ പച്ചരിയുടെ വിതരണം നിലച്ചതോടെ മറ്റ് സാധനങ്ങളുടെ വില്പനയിലും കുറവ് വന്നിട്ടുണ്ട്. വില്പന കുറഞ്ഞതോടെ നിലവില്‍ ഓരോ റേഷന്‍ കടകളിലും സ്റ്റോക്ക് അധികമാണ്.


റേഷന്‍ കടകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കണമെങ്കില്‍ പച്ചരി എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം.- റേഷന്‍ വ്യാപാരികള്‍