
നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. പലരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയേയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ആശങ്കപ്പെടുന്നവരേറെയാണ്. പാർശ്വഫലങ്ങളുണ്ടാകുമോയെന്നും പലർക്കും പേടിയുണ്ടാകും. കെമിക്കലുകളൊന്നും ചേർക്കാതെ, തികച്ചും നാച്വറലായ രീതിയിൽ മുടി കറുപ്പിക്കാനായാൽ അതല്ലേ ഏറ്റവും നല്ലത്. അത്തരത്തിൽ നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ നരയെ തുരത്താൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
ഉലുവ
കരിംജീരകം
നെല്ലിക്കാപ്പൊടി
തേയില വെള്ളം
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിൾ സ്പൂൺ ഉലുവയും നാല് ടേബിൾ സ്പൂൺ കരിംജീരകവും ഒരു പാത്രത്തിലിട്ട് നന്നായി ചൂടാക്കുക. ചെറിയൊരു കറുത്ത നിറം ആകുന്നതുവരെ ഇളക്കിക്കൊടുക്കുക. കരിഞ്ഞുപോകരുത്. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കാം. ശേഷം മൂന്ന് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടിയെടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് നിറം മാറുന്നതുവരെ ചൂടാക്കാം.
ഇനി കുറച്ച് വെള്ളമെടുത്ത് അതിൽ തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയെടുത്ത് അതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന പൊടികളും ചൂടാക്കി വച്ചിരിക്കുന്ന നെല്ലിക്കാപ്പൊടിയും ചേർത്തുകൊടുക്കുക. ഇനി ഇതിലേക്ക് തേയില വെള്ളം ഒഴിച്ചുകൊടുക്കാം. നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം എട്ടുമണിക്കൂറെങ്കിലും അടച്ചുവയ്ക്കുക.
മണിക്കൂറുകൾക്ക് ശേഷം തുറന്നുനോക്കുമ്പോൾ ഹെയർ ഡൈ നന്നായി കറുത്തുവന്നിരിക്കുന്നത് കാണാം. ഇത് നരയിൽ തേച്ചുകൊടുക്കുക. ഒരുപാട് കട്ടിയായിപ്പോയിട്ടുണ്ടെങ്കിൽ തേയില വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം നരയിൽ തേച്ചുകൊടുക്കുക. ഒന്നരമണിക്കൂറിന് ശേഷം കഴുകിക്കളയാം.