
കോഴിക്കോട്: ഗോവയിൽ നിന്ന് മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുമെന്ന പ്രഖ്യാപനം മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് അനക്കമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ കോഴിക്കോട്ടേക്ക് സർവീസ് ദീർഘിപ്പിക്കുന്ന കാര്യത്തിൽ റെയിൽവെ നടപടികൾ പുരോഗമിക്കുകയാണെന്ന് എംകെ രാഘവൻ എംപി അറിയിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയെന്ന് എംപി പറഞ്ഞു.
ഈ വന്ദേഭാരത് സർവീസ് കേരളത്തിലേക്ക് സർവീസ് നടത്തുന്നതോടെ സംസ്ഥാനത്തെ ആകെ വന്ദേഭാരതുകളുടെ എണ്ണം മൂന്നാവും. അടുത്തിടെ കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തിയെങ്കിലും പിന്നീട് അത് നിർത്തുകയായിരുന്നു. നിലവിൽ ഗോവയിൽ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് നഷ്ടത്തിലാണെന്നാണ് റിപ്പോർട്ട്. മിക്ക ദിവസങ്ങളിലും പകുതി സീറ്റ് കാലിയായിട്ടാണ് സർവീസ് നടത്തുന്നത്. ഇത് കേരളത്തിലേക്ക് നീട്ടുന്നതോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സമയക്രമം നടപ്പാക്കുന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അത് പൂർത്തിയാകുന്നതോടെ കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കുമെന്ന് എംപി അറിയിച്ചു. ഗോവ- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നതിൽ മന്ത്രി അശ്വനി വൈഷ്ണവ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസും പറഞ്ഞിരുന്നു.
അതേസമയം, ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിൻ കോഴിക്കോട് വരെ നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ബംഗളൂരുവിൽ നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16511/12 എന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവെ ബോർഡ് തീരുമാനമെടുത്തത്. പത്ത് മാസങ്ങൾക്ക് മുമ്പാണ് റെയിൽവെ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
എന്നാൽ കർണാടകയിലെ ബിജെപി എംപിമാരുടെ എതിർപ്പിനെത്തുടർന്നാണ് നടപടി വൈകുന്നതെന്നാണ് വിവരം. എന്നാൽ മലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന നീക്കമായതിനാൽ ബിജെപി കേരളഘടകം ട്രെയിൻ കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യത്തിന്റെ കൂടെയാണ്. അധികം താമസിയാതെ തീരുമാനം നടപ്പിലാക്കുമെന്നാണ് യാത്രക്കാരും ജനപ്രതിനിധികളും കരുതുന്നത്.