br-ambedhkkar

ഭരണഘടനാ ശില്പി,​ മഹാനായ ഡോ. ബി.ആർ. അംബേദ്കർ നമ്മെ വിട്ടുപിരിഞ്ഞിട്ട് 68 വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഭരണാധികാര സ്ഥാനങ്ങളിലും പദവികളിലും ആനുപാതികവും അർഹവുമായ പ്രാതിനിദ്ധ്യം ഉറപ്പാകുമ്പോൾ മാത്രമേ സ്വാതന്ത്ര്യത്തിന്റെ തുടക്കം അനുഭവിക്കാനാവൂ എന്നാണ് ഡോ. അംബേദ്കർ വ്യക്തമാക്കിയിരുന്നത്. അതിനാവശ്യമായ എല്ലാ വ്യവസ്ഥകളും ഭരണഘടനയിൽ അദ്ദേഹം ഉൾപ്പെടുത്തുകയും ചെയ്തു. ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ കോൺസ്റ്റിറ്ര്യുവന്റ് അസംബ്ലിയുടെ അവസാന യോഗത്തിൽ അദ്ദേഹം ആശങ്കയോടെ പ്രസ്താവിച്ചത് ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്.


'ഭരണഘടന എത്ര തന്നെ നന്നായിരുന്നാലും അത് കൈകാര്യം ചെയ്യുന്നവർ നന്മയുള്ളവരും പ്രതിബദ്ധതയുള്ളവരും ജനതയോട് കടപ്പാടുള്ളവരുമല്ലെങ്കിൽ ആ ഭരണഘടന ഒരു നന്മയും ചെയ്യില്ല" എന്നാണ് അദ്ദേഹം ആശങ്കയോടെ പ്രസ്താവിച്ചതിന്റെ സാരം. ഭരണഘടന കൈകാര്യം ചെയ്യുന്ന ലെജിസ്ലേച്ചർ, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ ഇന്ന് ഭരണഘടന വിഭാവനം ചെയ്ത ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകന്നിരിക്കുന്നു. പ്രാതിനിദ്ധ്യ ജനാധിപത്യം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ഭരണഘടന പലവിധത്തിലുള്ള വ്യാഖ്യാനങ്ങളിലൂടെയും നടപ്പാക്കലുകളിലൂടെയും ഏകാധിപത്യത്തിലേക്കും ചാതുർവർണ്യ വ്യവസ്ഥിതിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു.


മതേതരത്വം കടുത്ത വെല്ലുവിളികൾ നേരിടുക മാത്രമല്ല,​ ഹിന്ദുരാഷ്ട്ര രൂപീകരണം തകൃതിയായി നടക്കുകയുമാണ്. അംബേദ്കർ ലക്ഷ്യമിട്ട ജനവിഭാഗങ്ങൾക്ക് അധികാര സ്ഥാനങ്ങളിൽ പങ്കാളിത്തം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഭരണഘടന നിലവിൽ വന്ന് ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ലക്ഷ്യമിട്ടതിന്റെ പകുതിപോലും ലഭ്യമായിട്ടില്ല. നിയമ നിർമ്മാണ സഭകളിൽ എത്തപ്പെട്ട പിന്നാക്ക സമുദായ അംഗങ്ങൾ സവർണർ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ്.

ഉദ്യോഗസ്ഥ മേഖലയിൽ അധികാരം കയ്യാളുന്ന പദവികളിലൊന്നും ഈ വിഭാഗങ്ങൾ എത്തപ്പെടുന്നില്ല. ഇന്ത്യൻ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിലുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിയമിക്കപ്പെട്ടവരുടെ 2024-ലെ പട്ടിക പരിശോധിച്ചാൽ ഞെട്ടലുണ്ടാവും. പൊതുവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഒ.ബി.സിയിൽ ഏഴുപേരും,​ പട്ടികജാതിയിൽ മൂന്നുപേരും,​ പട്ടികവർഗത്തിൽ ഒരാളും മാത്രം! പിന്നീട് സംവരണത്തിലൂടെ കുറേപ്പേർ എത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉന്നത തസ്തികകളിലേക്ക് അവർക്കാർക്കും എത്തിപ്പെടാൻ കഴിയില്ല. ആദ്യ റാങ്കുകളിലുള്ള എഴുപതോളംപേർ മാത്രമേ ജോയിന്റ് സെക്രട്ടറി തലത്തിൽ സെലക്ട് ചെയ്യപ്പെടുകയുള്ളൂ. അവരിൽ നിന്ന്‌ കേന്ദ്ര സെക്രട്ടറിമാരാകുവാൻ ഈ വിഭാഗത്തിൽ നിന്ന് ആരുമുണ്ടാവില്ല എന്നതാണ് അവസ്ഥ.


വിദ്യാഭ്യാസത്തിലും സാമൂഹ്യ ചുറ്റുപാടുകളിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്റെ അവസ്ഥയും ഒട്ടും മെച്ചമല്ല. ഡെപ്യൂട്ടി കളക്ടർ പദവിയിൽ ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ ലിസ്റ്റിൽ ഒരൊറ്റ പട്ടികജാതിക്കാരൻ പോലും കടന്നുവന്നില്ല. കേരള അഡ്മിനിസ്ട്രി സർവീസ് എന്ന പുതിയ തസ്തികളിൽ ഒരൊറ്റ ആദിവാസി പോലും തിരഞ്ഞെടുക്കപ്പെട്ടില്ല. ജുഡീഷ്യറിയിൽ സീനിയോറിറ്റി ഉണ്ടായിട്ടുപോലും അർഹത അട്ടിമറിക്കുന്ന വാർത്തകളും ശ്രദ്ധയിൽ വരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരു മന്ത്രിയില്ലാത്ത ഭരണസംവിധാനമാണ് ഇപ്പോഴുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ മഹാനായ ഡോ. അംബേദ്കറെ അനുസ്മരിക്കുമ്പോൾ ഭരണഘടനയെയും പ്രാതിനിദ്ധ്യത്തെയും പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.


ഇന്ത്യയിലെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധൻ,​ നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ മുൻ ഡയറക്ടർ പ്രൊഫ. ഡോ. മോഹൻ ഗോപാൽ സൂചിപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടന ഇപ്പോൾ 'വെന്റിലേറ്ററിൽ" ആണെന്നാണ്. അംബേദ്കറെ അനുസ്മരിക്കുമ്പോൾ ഭിന്നിച്ചു നിൽക്കാതെ ഒന്നിച്ചു നിൽക്കാൻ എല്ലാവർക്കും കഴിയണം. ഭരണഘടന, മതേതരത്വം, സമത്വം, സ്വാഭിമാനം ഇവ സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് ഏവരും തയ്യാറാവണം.

(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94472 75809)​