
മോശമായ ഭക്ഷണക്രമം മൂലം കുടലിൽ അർബുദം ബാധിക്കാൻ സാദ്ധ്യത കൂടുതലാണെന്ന പഠനം പുറത്ത്. 50 വയസിൽ താഴെയുളളവർക്കാണ് ഈ അവസ്ഥ കൂടുതലായി ഉണ്ടാകുന്നതെന്നും പഠനത്തിൽ കണ്ടെത്തി. ഫ്ളിൻഡേഴ്സ് സർവകലാശാല പുറത്തിറക്കിയ പഠനത്തിലേതാണ് വിവരങ്ങൾ. മോശമായ ഭക്ഷണക്രമവും ദഹനസംബന്ധമായ അർബുദവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
ചുവന്ന നിറത്തിലുളളതും സംസ്‌കരിച്ചതുമായ മാംസങ്ങൾ, ഫാസ്റ്റ്ഫുഡുകൾ, മദ്യം, മധുരമുളള പാനീയങ്ങൾ തുടങ്ങിയവ നിരന്തരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനനാളത്തിൽ അർബുദം വരാനുളള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പോഷകാഹാര വിദഗ്ദനായ യോഹാൻസ് മെലക് ചൂണ്ടിക്കാട്ടുന്നു. ഈ ശീലം പിന്തുടരുന്നതിലൂടെ വയർ, പാൻക്രിയാസ്, കുടൽ, മലാശയം, മലദ്വാരം എന്നീ ഭാഗങ്ങളിലായിരിക്കും അർബുദം പിടിപെടുകയെന്ന് ആരോഗ്യമാസികയായ സയൻസ് അലേർട്ടിലും വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾക്ക് പിടിപെടുന്നത് കുടൽ സംബന്ധമായ ക്യാൻസറാണെന്നും പഠനത്തിൽ പറയുന്നു. ആന്റീഓക്സിഡന്റുകളടങ്ങിയ സ്‌ട്രോബറി, ബ്ലുബെറി, ഇലക്കറികൾ, പച്ചക്കറികൾ, ബദാം, വാൾനട്ട്സ്, ഫ്ളാക്സ് സീഡുകൾ,മഞ്ഞൾ, ഇഞ്ചി, വെളുത്തുളളി,കൊഴുപ്പുളള മത്സ്യങ്ങൾ എന്നിവ ആന്റി ഇൻഫ്ളമേറ്ററി ഗുണമുളളവയാണ്. അതുപോലെ റെഡ് മീറ്റ്,പഞ്ചസാര കൂടുതലടങ്ങിയ പാനീയങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റടങ്ങിയ വൈറ്റ് ബ്രെഡുകൾ തുടങ്ങിയവ ഇൻഫ്ളമേറ്ററി ഗുണമാണ്. ഈ ഭക്ഷണങ്ങൾക്ക് ഇൻസുലിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർവകലാശാല യൂറോപ്യൻ ജേണൽ ഒഫ് ന്യൂട്രീഷൻ ആൻഡ് ന്യൂട്രീഷൻ റിവ്യൂസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുടൽ സംബന്ധമായ അർബുദത്തിന്റെ ലക്ഷണങ്ങൾ
1. മലവിസർജ്ജനത്തിൽ വ്യത്യാസം
മലബന്ധം, അതിസാരം എന്നിങ്ങനെ മലവിസർജ്ജന ശീലങ്ങളിൽ വരുന്ന വ്യത്യാസം പ്രധാന ലക്ഷണമാണ്. മലവിസർജ്ജനത്തിലെ മാറ്റങ്ങൾക്ക് പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും അർബുദത്തിന്റെ സാദ്ധ്യതയും തളളികളയരുത്.
2. വയറുവേദന
നിരന്തരമായ വയറുവേദന, മരുന്ന് കഴിച്ചാലും മാറാത്ത അസ്വസ്ഥതകൾ എന്നിവയുളളവർ പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്.
3. ക്ഷീണം
ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിച്ചിട്ടും ക്ഷീണം വിട്ടുമാറാത്ത അവസ്ഥ അർബുദത്തിന്റെ ലക്ഷണങ്ങളാകാനും സാദ്ധ്യതയുണ്ട്.
4. മലത്തിൽ രക്തം
മലത്തിലോ മലദ്വാരം വൃത്തിയാക്കുമ്പോൾ ടോയ്‌ലറ്റ് പേപ്പറിലോ രക്തമയം കണ്ടാലും ജാഗ്രത പുലർത്തണം. മലദ്വാരത്തിലെ മുറിവുകൾ, ഹെമറോയ്ഡുകൾ എന്നിവ മൂലവും മലത്തിൽ രക്തം വരാമെങ്കിലും അർബുദത്തിന്റെ ലക്ഷണം കൂടിയായതിനാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.