health

മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള സമയമാണ്. അതുകൊണ്ടു തന്നെ ഭക്ഷണ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഇതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി കൂട്ടേണ്ടതായിട്ടുണ്ട്. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്. ഇവ കഴിക്കുക.


ദിവസവും ഉപയോഗിക്കുന്ന ആഹാരത്തില്‍ ഊര്‍ജ്ജത്തിന്റെ അളവ് നിലനിര്‍ത്തണം. തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്താം. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ വളരെ നല്ലതാണ്.

രോഗപ്രതിരോധശേഷി കൂട്ടാന്‍ വിറ്റമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, കിവി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇലക്കറികള്‍ എല്ലാ സീസണിലും കഴിക്കാമെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് ശൈത്യകാലത്താണ്. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ശരീര താപനില വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.


കൊഴുപ്പില്ലാത്ത പാലുല്‍പന്നങ്ങള്‍, മത്സ്യം, കോഴിയിറച്ചി, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനുകള്‍ ലഭ്യമാകാന്‍ സഹായിക്കും. ഓട്‌സ് തണുപ്പുകാലത്ത് കഴിക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ്. ഹൃദയാരോഗ്യം, ദഹനം, മലബന്ധം എന്നിവ തടയാന്‍ ഓട്‌സിന് കഴിവുണ്ട്. ക്രൂസിഫറസ് പച്ചക്കറികളായ ബ്രോക്കോളിയും കോളിഫ്ലവറും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴത്തിലുള്ള ബി വിറ്റാമിനുകളും മഗ്‌നീഷ്യവും തൈറോയ്ഡ്, അഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീര താപനില നിയന്ത്രിക്കുന്നു. ചുക്ക് കാപ്പി, ഇഞ്ചി, പുതിന, തേന്‍, കുരുമുളക് ഇവ ചേര്‍ത്ത ചായ ശൈത്യകാലത്ത് വളരെ നല്ലതാണ്.


മഞ്ഞുകാലത്ത് നല്ല ചൂടോടെ സൂപ്പുകള്‍ കുടിക്കാം. പച്ചക്കറികളും പയറുവര്‍ഗങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പുകള്‍ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നതോടൊപ്പം ചൂട് നല്‍കുന്നു. എള്ള് മഞ്ഞുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിലുള്ള ആവശ്യ ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ഇ, അയണ്‍, കാല്‍സ്യം എന്നിവ ആരോഗ്യം സംരക്ഷിക്കുന്നു. വറുത്ത ഭക്ഷണങ്ങളില്‍ ട്രാന്‍സ്ഫാറ്റ്‌സ് കൂടുതലാണ്. ഇത് നിയന്ത്രണവിധേയമായി മാത്രം ഉപയോഗിക്കാം. ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചി വര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.


ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ബേക്കറി പലഹാരങ്ങള്‍, മൈദ, പഞ്ചസാര ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കി നിര്‍ത്തണം. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.

Mrs. Preethi R. Nair
Chief Clinical Nutritionist
SUT Hospital, Pattom