
കൊച്ചി: കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം. കേരളത്തിൽ 10 കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തു. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് മിനിസ്‌ട്രി ഓഫ് ഹെൽത്തിൽ നഴ്‌സായി ജോലിനോക്കുന്ന 700 മലയാളികൾ തട്ടിപ്പ് നടത്തിയവരുണ്ട്. ആകെ 1425 പേർക്കെതിരെയാണ് കേസ്.
2020-22 കാലത്ത് അൻപത് ലക്ഷം മുതൽ രണ്ട് കോടി വരെയാണ് വിവിധയാളുകൾ ലോൺ എടുത്തത്. ഇത്തരത്തിൽ ലോണെടുത്ത ചിലർ കേരളത്തിലേക്ക് പോയി. ചിലർ കാനഡ, അമേരിക്ക, ഇംഗ്ളണ്ട് എന്നിവിടങ്ങളിലേക്ക് മുങ്ങി. വ്യാപകമായ തട്ടിപ്പ് നടന്നതിനാൽ ഇതിൽ ഏജന്റുമാരുടെ പങ്കുണ്ടോ എന്നും സംശയമുണ്ട്. തട്ടിപ്പുകാരിൽ ഏറെയും കേരളത്തിൽ നിന്നുണ്ട് എന്നതിനാൽ കഴിഞ്ഞ മാസം അഞ്ചിന് ബാങ്ക് അധികൃതർ കേരളത്തിലെത്തി എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തുടർന്ന് തട്ടിപ്പുകാരുടെ വിലാസം കൈമാറി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും.
കുവൈറ്റ് പൗരൻ നൽകിയ പരാതിയിൽ ദക്ഷിണ മേഖലാ ഐജി അന്വേഷണം നടത്തും. മറ്റ് രാജ്യങ്ങളിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തിയാലും നിയമപ്രകാരം കേസെടുക്കാനാകും. ഇത്തരത്തിലാണ് ഇപ്പോൾ ഇവർക്കെതിരെ കേസെടുത്തത്.